കൊല്ലം:ചടയമംഗലത്ത് ബസിനുള്ളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം നടത്തിയയാള്‍ പിടിയില്‍. തിരുവല്ല സ്വദേശിയായ സാബു(49)വാണ് പിടിയിലായത്. തിരുവനന്തപുരത്തു നിന്ന് മൂവാറ്റുപുഴയ്ക്കു പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി. ബസില്‍ തിങ്കളാഴ്ച വൈകിട്ട് 6.30-ഓടെയായിരുന്നു സംഭവം.
ആയൂരില്‍ നിന്നാണ് സാബു ബസില്‍ കയറിയത്. പെണ്‍കുട്ടിയിരുന്ന സീറ്റിനു സമീപമെത്തിയ ഇയാള്‍ മോശമായി പെരുമാറാന്‍ തുടങ്ങി. ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് ചാഞ്ഞു നിന്ന് ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു. പെണ്‍കുട്ടി ബഹളം വെച്ചതോടെ മറ്റു യാത്രക്കാര്‍ ഇടപെട്ടു. സാബുവിനെ തടഞ്ഞു വെച്ച ശേഷം ബസ് ജീവനക്കാര്‍ പോലീസിനെ വിവരമറിയിച്ചു. ചടയമംഗലം പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം ബസ് സ്റ്റേഷനിലേക്ക് മാറ്റി.
നിരവധി ബസുകളിലെ ടിക്കറ്റുകളാണ് സാബുവില്‍ നിന്നും പോലീസ് കണ്ടെടുത്തത്. ബസുകളില്‍ മാറി മാറി കയറി പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം നടത്തുന്നതാണ് ഇയാളുടെ രീതി എന്ന് പോലീസ് പറയുന്നു.