കോട്ടയം: പത്ത് ലക്ഷം രൂപയുടെ മുദ്രാ ലോണ്‍ തരാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത യുവാവ് പിടിയില്‍. പാലക്കാട് സ്വദേശി ആബിദാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് കോട്ടയം റെയില്‍വെ പോലീസ് ആബിദിനെ അറസ്റ്റ് ചെയ്തത്. കോട്ടയം റെയില്‍വേ ജീവനക്കാരിയില്‍ നിന്ന് മൂന്നേമുക്കാല്‍ ലക്ഷം രൂപയാണ് യുവാവ് തട്ടിയെടുത്തത്. യുവതിയെ അതി തന്ത്രമായി കബളിപ്പിച്ചാണ് പണം തട്ടിയത്.
ചെര്‍പ്പുളശേരി, ഷൊര്‍ണൂര്‍, തൃശൂര്‍, തിരുവനന്തപുരം മേഖലകളില്‍ നിന്നെല്ലാം തൊഴില്‍ വാഗ്ദാനം ചെയ്തും വായ്പ വാഗ്ദാനം ചെയ്തും പണം തട്ടിയതിന് ആബിദിനെതിരെ നിരവധി കേസുകളുണ്ട്. പത്താം ക്ലാസ് പോലും പാസാകാത്ത ആബിദ് സിവില്‍ എന്‍ജിനീയര്‍ ആണെന്ന് പറഞ്ഞായിരുന്നു ആളുകളെ കബളിപ്പിച്ചിരുന്നത്.
ഓണ്‍ലൈന്‍ റമ്മി കളിക്കാനും ആര്‍ഭാട ജീവിതത്തിനും വേണ്ടിയാണ് പലരില്‍ നിന്നും പണം തട്ടിയതെന്ന് യുവാവ് പോലീസിന് മൊഴി നല്കി. കോട്ടയം റെയില്‍വെ സ്റ്റേഷനിലെ വെയിറ്റിങ് റൂമില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരിയില്‍ നിന്നാണ് ആബിദ് പണം തട്ടിയത്. മുദ്രാ ലോണ്‍ വഴി പത്ത് ലക്ഷം തരാമെന്നായിരുന്നു പ്രതിയുടെ വാഗ്ദാനം. പണം നല്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പണം കിട്ടാതായതോടെയാണ് ജീവനക്കാരി പണം തിരികെ ചോദിച്ചത്.


