പള്ളിക്കത്തോട്: കാര്‍ പണയംവച്ച് പണം തട്ടിയ കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ അഴീക്കോട് തോട്ടുങ്കല്‍ അബ്ദുള്‍ റഷീന് (24), വയനാട് സുല്‍ത്താന്‍ ബത്തേരി മഞ്ഞപ്പാറ മുണ്ടയില്‍ അക്ഷയ് പീറ്റര്‍ (24) എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ ആനിക്കാട് സ്വദേശിയായ യുവാവിന്റെ മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാര്‍ മറ്റൊരാളില്‍നിന്നും പതിനായിരം രൂപയ്ക്ക് ഈട് വാങ്ങിയ ശേഷം 80,000 രൂപയ്ക്ക് ഉടമസ്ഥന് അറിയാതെ വേറൊരാള്‍ക്ക് പണയപ്പെടുത്തുകയായിരുന്നു.
2022 ഡിസംബറില്‍ കാറിന്റെ ഉടമയായ യുവാവില്‍നിന്നും ഇയാളുടെ സുഹൃത്ത് തന്റെ പിതാവിനെ തമിഴ്നാട്ടിലെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനെന്നു പറഞ്ഞ് കാര്‍ കൊണ്ടുപോയി തിരികെ നല്‍കാതെ കബളിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ഈ വാഹനം പലരിലേക്കായി കൈമറിഞ്ഞു പോയി. യുവാവിന്റെ പരാതിയെത്തുടര്‍ന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തിനൊടുവില്‍ കാര്‍ ഇവരുടെ കൈവശം വന്നതായും, തുടര്‍ന്ന് ഇവര്‍ മറ്റൊരാള്‍ക്ക് മറിച്ചു വില്‍പ്പന നടത്തിയതായും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.


