തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള 3 പേരുടെ പട്ടികയില്‍ നിന്നു ഡിജിപി ടോമിന് തച്ചങ്കരിയെ യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് (യുപിഎസ്സി) സമിതി ഒഴിവാക്കി. വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാര്‍, അഗ്നിശമന സേനാ മേധാവി ബി.സന്ധ്യ, റോഡ് സുരക്ഷാ കമ്മിഷണര്‍ അനില്‍ കാന്ത് എന്നിവരെയാണ് പട്ടികയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.
ഈ പട്ടിക സംസ്ഥാന സര്‍ക്കാരിന് യുപിഎസ്സി സമിതി കൈമാറും. ഇതിൽ നിന്നും ഒരാളെ ആയിരിക്കും പുതിയ സംസ്ഥാന പൊലീസ് മേധാവിയായി സര്‍ക്കാര്‍ നിയമിക്കുക. രണ്ട് വര്‍ഷമാണ് കാലാവധി. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പം പുലര്‍ത്തുന്ന ടോമിന് തച്ചങ്കരിയെ പട്ടികയില്‍ പരിഗണിക്കാത്തത് സര്‍ക്കാര്‍ വൃത്തങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്.
30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ 1987 മുതല്‍ 1991 വരെയുള്ള ഐപിഎസ് ബാച്ചിലെ ഡിജിപി, എഡിജിപി റാങ്കിലെ 9 ഉദ്യോഗസ്ഥരുടെ പേരുകളാണ് കേരളം നല്‍കിയത്. അതില്‍ സീനിയോറിറ്റിയില്‍ ഒന്നാമനായ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ ഈ പദവിയിലേക്ക് തന്നെ പരിഗണിക്കേണ്ടതില്ലെന്ന് സമിതി രേഖാമൂലം അറിയിച്ചു.
അനധികൃത സ്വത്ത് സമ്പാതിയകേസ് ഉള്‍പ്പെടെ അദ്ദേഹത്തിനെതിരെ പല ആക്ഷേപങ്ങളും സമിതി മുന്‍പാകെ ഉണ്ടായിരുന്നു. തച്ചങ്കരിയെ ഒഴിവാക്കിയതോടെ സീനിയോറിറ്റിയില്‍ 3 മുതല്‍ 5 വരെയുള്ള സ്ഥാനക്കാര്‍ പട്ടികയില്‍ ഇടം നേടി. നിലവില്‍ മനുഷ്യാവകാശ കമ്മിഷനില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിജിപിയാണു തച്ചങ്കരി .
കേരളത്തിലെ 11 എസ്പിമാര്ക്ക് ഐപിഎസ് നല്‍കാനും സമിതി തീരുമാനിച്ചിട്ടുണ്ട്. 2018 ലെ 11 ഒഴിവിലേക്കായി 30 എസ്പിമാരുടെ പട്ടികയാണ് കേരളം നല്‍കിയത്. ഇതില്‍ സീനിയോറിറ്റിയില്‍ ആദ്യമുള്ള 11 പേര്‍ക്കാവും ഐപിഎസ് ലഭിക്കുക. യുപിഎസ്സി അംഗം സ്മിത നാഗരാജ്, സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കുല്‍ദീപ് സിങ്, ആഭ്യന്തര മന്ത്രാലയ സ്പെഷല്‍ സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരാണു സമിതിയിലുണ്ടായിരുന്നത്.


