ന്യൂഡല്‍ഹി: ഡല്‍ഹി ദ്വാരകയില്‍ ഭുരഭിമാനക്കൊല.ഹരിയാനയിലെ സോനിപത്ത് സ്വദേശിയായ വിനയ്ക്കും കിരണിനും നേരെയാണ് ആക്രമണമുണ്ടായത്. വിനയ് എന്ന ഇരുപത്തിമൂന്നുകാരനായ യുവാവാണ് ആക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യയെ കിരണിനെ ഗുരുതരമായാ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ദ്വാരക ഡിസിപി സന്തോഷ് കുമാര്‍ മീണ പറഞ്ഞു.
ദ്വാരകയിലെ അംബര്‍ഹായ് ഗ്രാമത്തില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. ഇരുവരും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. വീട്ടുകാര്‍ എതിര്‍ത്തതിനാല്‍ ഇവര്‍ ഒളിച്ചോടുകയായിരുന്നു. തുടർന്നാണ് ദ്വാരകയില്‍ എത്തി താമസം ആരംഭിച്ചത്. വീട്ടുകാരുടെ ഭാഗത്തുനിന്നും തുടര്‍ന്നും നിരവധി എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു.
ഏഴ് പേർ അടങ്ങുന്ന സംഘം ആണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. വിനയ്യുടെ ശരീരത്തില്‍ നിന്ന് നാല് വെടിയുണ്ടകള്‍ കണ്ടെത്തി. ഭാര്യ കിരണ്‍ ദാഹിയ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. ഇവര്‍ക്ക് അഞ്ച് തവണ വെടിയേറ്റിട്ടുണ്ട്. സംഭവം ദുരഭിമാനക്കൊലയാണെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ വീട്ടുകാരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.


