മലപ്പുറം: വേങ്ങരയില്‍ അധ്യാപികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. വേങ്ങര ഗേള്‍സ് സ്കൂള്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ചുമതലയുള്ള അധ്യാപകനായ കാഴിക്കോട് പയ്യോളി സ്വദേശി രാംദാസ് (44 ) ആണ് അറസ്റ്റിലായത്. മരിച്ച അധ്യാപികയുമായി അടുത്ത ബന്ധമുണ്ടായിരുന്നു രാംദാസിനെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതി നിരന്തരം മാനസിക സമ്മര്‍ദ്ദത്തിലാക്കിയതാണ് അധ്യാപിക ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് പോലീസ് പറയുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 17നാണ് അധ്യാപികയെ വേങ്ങര കണ്ണമംഗലത്തെ എടക്കാപ്പറമ്പ് ശ്രീരാഗം വീട്ടില്‍ താമസിച്ചിരുന്ന പേരാമ്പ്ര കുനിയില്‍ ഹൗസില്‍ ബൈജു ടി എന്ന അധ്യാപികയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡയറി കുറിപ്പുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. വേങ്ങര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 424/22 കേസിലാണ് അറസ്റ്റ്. സിആര്‍പിസി 174 ാം വകുപ്പ് പ്രകാരമാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ഐപിസി 306 വകുപ്പ് ചേര്‍ത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.


