കോഴിക്കോട്: സിവിക് ചന്ദ്രനെതിരെയുള്ള ലൈംഗിക പീഡനക്കേസില്‍ പാഠഭേദം ഇന്റേണല്‍ കമ്മിറ്റി നല്കിയ അന്വേഷണ റിപ്പോര്‍ട്ട് ലേബര്‍കമ്മിഷണര്‍ റദ്ദാക്കി. കോഴിക്കോട് റീജണല്‍ ജോയന്റ് ലേബര്‍ കമ്മിഷണറുടെ ഓഫീസില്‍ അതിജീവിത നല്കിയ അപ്പീല്‍ പരിഗണിച്ചാണ് ഉത്തരവ്. ഇതോടെ അതിജീവിതയ്ക്ക് ഇനി കളക്ടര്‍ അധ്യക്ഷത വഹിക്കുന്ന ലോക്കല്‍ കമ്മിറ്റി മുമ്പാകെ പുതിയ പരാതി സമര്‍പ്പിക്കാം.
ചട്ടവിരുദ്ധമായി രൂപവത്കരിച്ച ഒരു കമ്മിറ്റിയാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നായിരുന്നു ലേബര്‍കമ്മിഷണര്‍ മുമ്പാകെ അതിജീവിതയുടെ വാദം. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സംരക്ഷണം നല്കുന്ന നിയമത്തെ ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ സിവിക് ചന്ദ്രന് അനുകൂലമായ റിപ്പോര്‍ട്ട് ഉണ്ടാക്കുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു. ലൈംഗികാതിക്രമക്കേസുകളില്‍ 2013-ലെ നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ അനുസരിച്ചല്ല ഇന്റേണല്‍ കമ്മിറ്റി രൂപവത്കരിച്ചതെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.


