വയനാട്: മുട്ടില്‍ മരം മുറിക്കേസില്‍ പ്രതികള്‍ നല്കിയ അനുമതിക്കത്തുകള്‍ വ്യാജമെന്ന് അന്വേഷണസംഘം കണ്ടെത്തിയത് പ്രതികളായ അഗസ്റ്റിന് സഹോദരന്മാര്ക്ക് കുരുക്കായി. കത്തിലെ കയ്യക്ഷര പരിശോധനാഫലവും പുറത്തുവന്നു. ഭൂവുടമകളുടെ പേരില്‍ വില്ലേജ് ഓഫീസില്‍ നല്കിയ കത്തുകളാണ് വ്യാജമെന്ന് പോലീസ് കണ്ടെത്തിയത്. വില്ലേജ് ഓഫീസില്‍ നല്കിയ ഏഴു കത്തുകളും എഴുതിയത് പ്രതി റോജി അഗസ്റ്റിനാണെന്ന് കൈയക്ഷര പരിശോധനയില്‍ തെളിഞ്ഞു. ആന്റോ അഗസ്റ്റിന്, റോജി അഗസ്റ്റിന് എന്നിവരാണ് പ്രസ്തുത കത്തുകള്‍ വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ചിരുന്നത്.
പട്ടയ ഭൂമിയുടെ ഉടമകള്‍ മരം മുറിക്കാന്‍ നല്കിയ അനുമതിപ്പത്രം വില്ലേജ് ഓഫീസില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിക്കപ്പെട്ട ഏഴ് അപേക്ഷകളാണ് വ്യാജമെന്ന് കണ്ടെത്തിയത്. കൂടാതെ പ്രായനിര്‍ണയം, ഡി.എന്‍.എ. തുടങ്ങിയ ശാസ്ത്രീയ പരിശോധനകളും നടത്തി.
ഭൂപരിഷ്കരണ നിയമത്തിന്റെ ഭാഗമായി നല്കിയ അനുമതിയുടെ പശ്ചാതലത്തിലാണ് മരം മുറിച്ചതെന്ന പ്രതികളുടെ വിശദീകരണം മരങ്ങളുടെ പ്രായ പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പൊളിഞ്ഞു. . ഭൂപരിഷ്കരണ നിയമം വന്നതിനുശേഷം പട്ടയം നല്കിയ ഭൂമികളില്‍ കിളിര്‍ത്തതോ വെച്ചുപിടിപ്പിച്ചതോ ആയ മരങ്ങള്‍ മാത്രമാണ് ഈ നിയമപ്രകാരം മുറിക്കാന്‍ അനുമതിയുള്ളത്. ചന്ദനം ഒഴികെയുള്ള മരങ്ങള്‍ കര്ഷകന് മുറിക്കാമെന്നതായിരുന്നു ഉത്തരവ്. എന്നാല്‍ അതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മരങ്ങളാണ് ഇവര്‍ മുറിച്ചുമാറ്റിയതെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ അന്വേഷണ സംഘത്തിന് മനസ്സിലായി. 500 വര്‍ഷത്തിലപ്പുറം പഴക്കമുള്ള മരങ്ങളാണ് മുറിച്ചുകടത്തിയവയിലേറെയും.
മരത്തിന്റെ അവശേഷിച്ച കുറ്റിയും മുറിച്ചുകടത്തിയ മരത്തടിയും ചേര്‍ത്തുള്ള ഡി.എന്‍.എ. പരിശോധനാ ഫലവും പ്രതികള്‍ക്ക് എതിരാണ്. ഡി.എന്‍.എ. പരിശോധനയില്‍ കുറ്റിയും മുറിച്ചുമാറ്റിയ തടിയും ഒന്നാണെന്ന് കണ്ടെത്തി. ഇതും പ്രതികള്‍ക്ക് തിരിച്ചടിയാവും. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇനി കുറ്റപത്രം തയ്യാറാക്കുക. അടുത്ത മാസത്തിനുള്ളില്‍ത്തന്നെ കുറ്റപത്രം സമര്പ്പിക്കുമെന്നാണെന്ന് പോലീസ് അറിയിക്കുന്നത്.
പെരുമ്പാവൂരിലെ ഫോറസ്റ്റ് ഡിപ്പോയില്‍നിന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ മരങ്ങള്‍ പിടികൂടിയത്. 104 മരങ്ങളാണ് മുട്ടില്‍നിന്ന് മുറിച്ചുമാറ്റിയിരുന്നത്. 574 വര്‍ഷം പഴക്കമുള്ള മരം വരെ മുറിച്ചുകടത്തിയവയിലുണ്ടെന്നാണ് വയസ്സുനിര്ണയ പരിശോധനയില്‍ കണ്ടെത്തിയത്. 500 വര്‍ഷം പഴക്കമുള്ള മൂന്ന് മരങ്ങളുണ്ട്. കടത്തിയ എല്ലാ മരങ്ങളും മുന്നൂറ് വര്‍ഷത്തിലധികം പഴക്കമുള്ളതാണ്. പീച്ചിയിലെ വനം ഗവേഷണ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് വയസ്സുനിര്ണയം നടത്തിയത്.
മരംമുറിയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്ന 19 കേസുകളില്‍ ഏഴ് കേസുകളുടെ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞു. കേസുകളില്‍ ഏറ്റവും പ്രധാനപ്പെട്ട മുട്ടില്‍ മരംമുറിക്കേസിലാണ് ഇനി കുറ്റപത്രം സമര്‍പ്പിക്കാനുള്ളത്. താനൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. സുപ്രധാനമായ പല തെളിവുകളും ശേഖരിച്ചുകഴിഞ്ഞു. ശാസ്ത്രീയ പരിശോധനാ ഫലമടക്കമുള്ള തെളിവുകള്‍ പരിശോധിച്ചുകഴിഞ്ഞതിനാല് ഇനി കുറ്റപത്രം തയ്യാറാക്കുന്ന നടപടികളിലേക്കാണ് പോലീസ് നീങ്ങുന്നത്.
Content Highlights: muttil wood cutting case, evidence against accused, dna, age determination


