ആലുവ : റൂറല്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ അഭിമാനത്തോടെ ജില്ലയില്‍ നിന്ന് പടിയിറങ്ങി. ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ അസ്ഫാക്ക് ആലം എന്ന ക്രിമിനലിന് തൂക്കുകയര്‍ വാങ്ങിക്കൊടുത്ത ടീമിനെ നയിച്ച് കേസന്വേഷണ ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്താണ് കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി സ്ഥാനമേല്‍ക്കാന്‍ പോകുന്നത്. ആലുവ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചിരുന്നു.
മൂവാറ്റുപുഴയില്‍ രണ്ട് അതിഥി തൊഴിലാളികളെ കൊലപ്പെടുത്തിയ ഗോപാല്‍ മാലിക്കിനെ ഒഡീഷയില്‍ നിന്നും പിടികൂടിയ സംഭവം, എടവനക്കാട് ഭാര്യയെ കൊലപ്പെടുത്തി സിറ്റൗട്ടില്‍ കുഴിച്ച് മൂടിയത് ,ആതിര എന്ന പെണ്‍കുട്ടിയെ അതിരപ്പിള്ളി വനമേഖലയിലെത്തിച്ച് സുഹൃത്ത് കൊലപ്പെടുത്തിയത് , 2 കോടി രൂപയുടെ ജി.എസ്.ടി തട്ടിപ്പ് നടത്തിയ പ്രതിയെ കൊല്‍ക്കത്തയില്‍ നിന്നും പിടികൂടിയത്, കുപ്രസിദ്ധ മോഷ്ടാവ് ബർമുഡ കള്ളൻ എന്നറിയപ്പെടുന്ന ജോസ് മാത്യുവിനെ പിടികൂടിയ കേസുകളുടെയെല്ലാം അന്വേഷണത്തിന് നേതൃത്വം നൽകിയത് വിവേക് കുമാർ ആണ്. ഇലന്തൂർ നരബലി കേസിൽ കുറ്റപത്രം സമർപ്പിച്ചതും എസ്.പിയുടെ മേൽനോട്ടത്തിലാണ്.
കുറ്റവാളികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇദ്ദേഹം സ്വീകരിച്ചത്. കാപ്പ നിയമം കൂടുതൽ ശക്തമാക്കി. 36 നിരന്തര കുറ്റവാളികളെയാണ് ജയിലിലടച്ചത്. 81 പേരെ നാടുകടത്തി , ഡി വൈ എസ് പി മാരുടെ അടുത്ത് ഒപ്പിടൽ നടപടികൾക്ക് വിധേയമാക്കി. പിറ്റ് എൻ.ഡി.പി.എസ് ആക്ട് പ്രകാരം മയക്കുമരുന്ന് കുറ്റവാളിയെ ആദ്യമായി കരുതൽ തടങ്കലിലടച്ചതും റൂറൽ ജില്ലയിലാണ്. ഈ നിയമപ്രകാരം ഒമ്പത് കുറ്റവാളികളെയാണ് കരുതൽ തടങ്കലിലാക്കിയത്. 24 പേർക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട് 25 ഓളം കൊമേഴ്സ്യൽ ക്വാണ്ടിറ്റി കേസ് രജിസ്റ്റർ ചെയ്തു.
റൂറലിൽ ഒന്നരലക്ഷം അതിഥിത്തൊഴിലാളികളെ രജിസ്റ്റർ ചെയ്യിക്കാൻ സാധിച്ചു. ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി മെഡിക്കൽ ക്യാമ്പുകളും, പഠനോപകരണ വിതരണവും , ബോധവൽക്കരണ ക്ലാസുകളും നടത്തി.
സ്കൂളുകളെ കരുതലോടെ സംരക്ഷിക്കാൻ സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് , പോലീസുദ്യോഗസ്ഥരുടെ ആരോഗ്യ സുരക്ഷയ്ക്ക് രാജഗിരി ഹോസ്പിറ്റലുമായി ചേർന്ന് പദ്ധതി, പെൻഷൻ പറ്റിയ പോലീസുദ്യോഗസ്ഥരുടെ ആവശ്യങ്ങൾക്ക് സമൂഹ മാധ്യമ ഗ്രൂപ്പ് ഇങ്ങനെ നിരവധി പദ്ധതികളാണ് മേൽനോട്ടത്തിൽ നടന്നത്. അഴിമതിക്കെതിരെ മുഖം നോക്കാതെയുള്ള നിലപാട് സ്വീകരിച്ച അഭിമാനത്തോടെയാണ് വിവേക് കുമാര്‍ കൊല്ലത്തേക്ക് തിരിക്കുന്നത്.


