കല്‍പ്പറ്റ: സ്ഥാനാര്‍ത്ഥി ആകുന്നതിന് സി കെ ജാനുവിന് പണം കൈമാറിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎയുടെ ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്ന സി കെ ജാനുവും കേസില്‍ പ്രതിയാണ്. കല്‍പ്പറ്റ കോടതി നല്കിയ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സുരേന്ദ്രനെതിരെ കേസ് എടുക്കാന്‍ വ്യാഴാഴ്ചയാണ് സുല്‍ത്താന്‍ ബത്തേരി സ്റ്റേഷന് ഓഫീസരറോട് കല്‍പ്പറ്റ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി നിര്‍ദ്ദേശിച്ചത്. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് പരാതി നല്‍കിയതിന് പിന്നാലെ ആണ് നടപടി എടുത്തത്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സി കെ ജാനുവിന് കെ സുരേന്ദ്രന് പണം നല്കി എന്നാണ് കേസ്. ഇത് സംബന്ധിച്ച് ജെആര്‍പി. നേതാവ് പ്രസീത അഴീക്കോട് വെളിപ്പെടുത്തിയ ടെലഫോണ്‍ സംഭാഷണം പുറത്ത് വന്നിരുന്നു. തുടര്‍ന്ന്, ജാനുവിൻ്റെ പാര്‍ട്ടിയിലെ മുന്‍പ്രവര്‍ത്തകനും അവര്‍ പണം വാങ്ങിയതായി ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങളെ അടിസ്ഥാനമാക്കിയാണ് നവാസ് പരാതി നൽകിയതും കേസ് രജിസ്റ്റർ ചെയ്തതും.


