കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ നടനും ബിജെപി എംപിയുമായ സുരേഷ്ഗോപിയെ പോലീസ് വിട്ടയച്ചു.വിളിച്ചാല്‍ വീണ്ടും ചോദ്യം ചെയ്യലിന് എത്തണമെന്ന വ്യവസ്ഥയിലാണ് അദ്ദേഹത്തെ പോകാൻ അനുവദിച്ചത്.
രണ്ട് മണിക്കൂറിലേറെ സമയം സുരേഷ് ഗോപി നടക്കാവ് സ്റ്റേഷനില്‍ ചിലവഴിച്ചു. ദൃശ്യങ്ങള്‍ ഉള്‍പ്പടെ കാണിച്ചാണ് പോലീസ് ചോദ്യങ്ങള്‍ താരത്തോട് ചോദിച്ചത്. നടക്കാവ് എസ്ഐയുടെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി.
ചോദ്യം ചെയ്യലില്‍ സുരേഷ് ഗോപി മുൻ നിലപാട് ആവര്‍ത്തിച്ചു. മാധ്യമപ്രവര്‍ത്തകയെ അപമാനിക്കാൻ ഉദ്ദേശിച്ചല്ല താൻ സ്പര്‍ശിച്ചതെന്നും അവര്‍ പരാതി ഉന്നയിച്ചപ്പോള്‍ ക്ഷമ ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അകമ്ബടിയിലാണ് സുരേഷ്ഗോപി ചോദ്യം ചെയ്യലിന് ഹാജരാകാൻ എത്തിയിരുന്നത്. പോലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷവും ഉണ്ടായി.
ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ സുരേഷ്ഗോപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചു. എല്ലാവരും പിരിഞ്ഞുപോകണമെന്ന് അഭ്യര്‍ഥിച്ച താരം പോലീസുകാരുടെ ജോലിക്ക് തടസമുണ്ടാക്കരുതെന്നും പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു.
വടകര പുതുപ്പണത്ത് നടക്കുന്ന പൊതുപരിപാടിയിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം കോഴിക്കോട്ടു നിന്നും പോയത്.


