ആലപ്പുഴ: കൊലക്കേസ് പ്രതിയുടെ ജന്മദിനാഘോഷത്തിന് ക്വട്ടേഷന്‍-ഗുണ്ടാസംഘ തലവന്മാര് ചേര്‍ത്തലയില്‍ സംഘടിച്ചെത്തിയതിന്റെ ഞെട്ടല്‍ മറാതെ പൊലീസ്. ജില്ലയിലെ ഭരണകക്ഷി ബന്ധമുള്ള ക്വട്ടേഷന്‍ നേതൃത്വമാണ് പെരുമ്പാവൂര്‍ അനസിന്റെ സംഘത്തില്‍ ഉള്‍പ്പെട്ട ചേര്‍ത്തല ഷാനിന്റെ വീട്ടില്‍ ഞാറാഴ്ച സംഘടിച്ചത്. ജന്മദിനാഘോഷ പരിപാടി സാമൂഹിക മാധ്യമങ്ങളില്‍ വൈറാലായതോടെയാണ് പൊലീസ് വിവരം അറിയുന്നത്. സംഭവം പുറത്തായതോടെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.
ഹരിപ്പാട്ടെ കൊലക്കേസ് പ്രതി, കനകക്കുന്നിലെ കാപ്പ കേസ് പ്രതി, കായംകുളത്തെ പിടികിട്ടാപ്പുള്ളി തുടങ്ങി നൂറോളം പേരാണ് കരീലക്കുളങ്ങര സ്റ്റേഷന് പരിധിയിലെ കൊലക്കേസ് പ്രതിയായ രാഘിലിന്റെ ജന്മദിനാഘോഷത്തിന്റെ മറവില്‍ എത്തിയത്. ഇവിടെ ക്വട്ടേഷന്‍ സംഘ നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. ഇത് പൊലീസിനെയും ആശങ്കപ്പെടുത്തുകയാണ്.
കാപ്പ കേസില്‍ ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കുള്ള താറാവ് ശ്യാം, ആലപ്പുഴയില്‍ കൊലക്കേസ് പ്രതിയായ ഷാരോണ്‍, കായംകുളത്ത് നവകേരള സദസ്സിന്റെ സുരക്ഷ സേനയുടെ കുപ്പായം അണിഞ്ഞ് ക്വട്ടേഷന്‍ നടപ്പാക്കിയ കേസിലെ പിടികിട്ടാപ്പുള്ളിയെന്ന് പൊലീസ് വിശേഷിപ്പിക്കുന്ന അരുണ്‍ എന്നിവരും പരിപാടിയിലുണ്ടായിരുന്നു.
പൊലീസിന്റെ മുന്നിലൂടെ തലങ്ങും വിലങ്ങും പായുന്ന അരുണിനെ പിടിക്കാത്തതിന് പിന്നില്‍ ഭരണകക്ഷി സമ്മര്‍ദ്ദമാണെന്ന ആക്ഷേപത്തിന് അടിവരയിടുന്ന സംഭവമാണ് ഇതെന്നും ചര്‍ച്ച ഉയരുകയാണ്. ഇതിനിടെ ഞായറാഴ്ച പിടികിട്ടാപുള്ളികളടക്കം ആഘോഷത്തിനായി സംഘടിച്ചത്് ക്വട്ടേഷന്‍ ആസൂത്രണ യോഗമായിരുന്നോയെന്ന സംശയവും ഉയരുന്നുണ്ട്.