തിരുവനന്തപുരം: ടെക്നോപാര്‍ക്കില്‍ ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളെ ഉപദ്രവിച്ചിരുന്നയാള് അറസ്റ്റില്‍. കാച്ചാണി സ്വദേശി വിഷ്ണുവാണ് പിടിയിലായത്. ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന നിരവധി യുവതികളാണ് ഇയാളുടെ അതിക്രമത്തിനിരയായിട്ടുള്ളത്. ബൈക്കില്‍ കറങ്ങി നടന്ന് ടെക്നോപാര്‍ക്കില്‍ നിന്ന് മടങ്ങുന്ന യുവതികളെ ഉപദ്രവിക്കുകയായിരുന്നു ഇയാളുടെ പതിവ്. ഒരു മാസം മുന്‍പ് രാത്രി ഒരു മണിക്ക് ഇന്‍ഫോസിസിന് മുന്നില്‍ വച്ച് ഒരു യുവതിയെ ഇയാള്‍ കടന്നു പിടിച്ചിരുന്നു.
കഴക്കൂട്ടം, ശ്രീകാര്യം പോലീസ് സ്റ്റേഷന് പരിധികളിലും സമാന രീതിയില്‍ ഇയാള്‍ യുവതികള്‍ക്ക് നേരെ അതിക്രമം കാണിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കുളത്തൂര്‍ ഭാഗത്ത് വച്ച് ഇയാള്‍ ഒരു യുവതിയെ കടന്നു പിടിച്ചു. പോലീസ് സംഭവ സ്ഥലത്തെത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. ഒരു മണിക്കൂറിനു ശേഷം വീണ്ടും മറ്റൊരു യുവതിയെ കടന്നു പിടിച്ച ഇയാളെ യുവതിയും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞുവച്ചതിന് ശേഷം തുമ്പ പോലീസിനു കൈമാറുകയായിരുന്നു.
തുമ്പ പോലീസ് കസ്റ്റഡിയിലെടുത്ത ഇയാള്‍ക്കെതിരെ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതി സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറായ വിഷ്ണു ജോലി കഴിഞ്ഞ് മടങ്ങവെയാണ് പതിവായി യുവതികളെ ആക്രമിച്ചിരുന്നത്.


