തിരുവനന്തപുരം: എലത്തൂരില്‍ ട്രെയിനില്‍ യാത്രക്കാരെ തീവെച്ചു കൊല്ലാന്‍ ശ്രമിച്ച കേസ് ഉടന്‍ എന്‍ഐഎ ഏറ്റെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിന് കാത്തിരിക്കുകയാണ് എന്‍ഐഎ. അക്രമത്തില്‍ തീവ്രവാദ ബന്ധത്തിന്റെ സൂചനകള്‍ ചൂണ്ടിക്കാട്ടി എന്‍ഐഎ നല്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പൊലീസ് അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച എന്‍ഐഎ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ കോഴിക്കോട് ക്യാമ്പ് ചെയ്യുന്നുമുണ്ട്. തീവ്രവാദ ബന്ധത്തിന്റെ സൂചനകള്‍ ലഭിച്ച സാഹചര്യത്തില്‍ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ വിശദ അന്വേഷണം വേണമെന്ന നിലപാടിലാണ് എന്‍ഐഎ.
കേരള പൊലീസിനെ കുറ്റപ്പെടുത്തി എന്‍ഐഎ കൈമാറിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ഉടന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനം എടുക്കുമെന്നാണ് വിവരം. പ്രാഥമിക അന്വേഷണം മുതല്‍ പൊലീസിന് ഗുരുതര വീഴ്ച്ച സംഭവിച്ചു എന്നാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍. പ്രതിയെ പിടികൂടിയിട്ടും കേസില്‍ വഴിത്തിരിവാകുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ചോദ്യം ചെയ്യലുമായി പ്രതി സഹകരിക്കുന്നില്ലെന്ന പൊലീസിന്റെ വാദം പരിഹാസ്യമാണെന്നും കേന്ദ്ര ഏജന്‍സികള്‍ കുറ്റപ്പെടുത്തുന്നു.
തീവ്രവാദ ബന്ധം സംശയിക്കുന്ന കേസുകളില്‍ പ്രതിയെ ശാസ്ത്രീയമായി ചോദ്യം ചെയ്യണം. ഇതിന് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സഹായം തേടാന്‍ പൊലീസ് തയ്യാറായിട്ടില്ല. പൊലീസിന്റെ നിസ്സഹകരണത്തെ തുടര്‍ന്ന് സമാന്തരമായാണ് കേന്ദ്ര ഏജന്‍സികള്‍ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് അന്വേഷിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്റേയും റോയുടേയും സഹായത്തോടെയാണ് എന്‍ഐഎ അന്വേഷണം. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിന് പിന്നാലെ പ്രതി ഷാരൂഖ് സെയ്ഫിയെ എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങും. വിശദമായ ചോദ്യം ചെയ്യലിനു ശേഷമാകും മറ്റ് തുടര്‍ നടപടികളിലേക്ക് കടക്കുക.