കോഴിക്കോട്: വടകരയില്‍ അടച്ചിട്ട കടമുറിക്കുള്ളില്‍നിന്ന് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള്‍ കൊയിലാണ്ടി സ്വദേശിയുടേതെന്ന് സൂചന.
തലയോട്ടിയും അസ്ഥിയും കണ്ടെത്തിയ മുറിയിലുണ്ടായിരുന്ന മൊബൈല്‍ഫോണില്‍നിന്നാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്.
ഫോണിലെ സിംകാര്‍ഡ് കൊയിലാണ്ടി സ്വദേശിയുടേതാണാണെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ ആറ് മാസത്തോളമായി ഇയാളെക്കുറിച്ച് വിവരമില്ലെന്നാണ് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയത്. ഇടയ്ക്കിടെ വീടുവിട്ട് യാത്ര പോകാറുള്ള ആളായതിനാലാണ് പരാതി നല്‍കാതിരുന്നതെന്നാണ് ഇവരുടെ വിശദീകരണം.
ഫോറന്‍സിക് പരിശോധനാഫലം വന്നശേഷമേ മരിച്ചത് ഇയാള്‍ തന്നെയാണെന്ന് സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് വടകര കുഞ്ഞിപ്പള്ളിയില്‍ ദീര്‍ഘനാളായി അടച്ചിട്ടിരുന്ന കടമുറിയ്ക്കുള്ളില്‍നിന്ന് തലയോട്ടിയും അസ്ഥിയും കണ്ടെത്തിയത്.
ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി കെട്ടിടം പൊളിക്കുന്നതിനിടയിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. കെട്ടിടം പൊളിക്കുന്ന തൊഴിലാളികളാണ് പ്ലാസ്റ്റിക് മാലിന്യത്തിനും പേപ്പറുകള്‍ക്കും ഒപ്പം തലയോട്ടി കണ്ടെത്തിയത്.