തിരുവല്ല : തിരുമൂലപുരത്ത് കാണാതായ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തി. ഉച്ചയ്ക്ക് 12 മണിയോടെ കാറില്‍ സഞ്ചരിക്കുന്നതിനിടെ തിരുവല്ല സിഐ ബി.സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ കടത്തിക്കൊണ്ടുപോയെന്ന് യുവതിയുടെ ഭര്‍ത്താവ് പരാതി നല്കിയ ചെങ്ങന്നൂര്‍ സ്വദേശി പ്രിന്റു പ്രസാദും (32) ഒപ്പമുണ്ടായിരുന്നു. പ്രിന്റുവിന് ഒപ്പം സ്വമേധയാ പോയതാണെന്ന് യുവതി പൊലീസില്‍ മൊഴി നല്കി.
തിരുമൂലപുരം ജംക്ഷനു സമീപം തിങ്കളാഴ്ച രാത്രി 11 മണിയോടെയായാണ് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 23 വയസ്സുകാരിയെയും കുഞ്ഞിനെയും കാറിലെത്തിയ നാലംഗ സംഘം കടത്തിക്കൊണ്ടു പോയത്.
തിരുമുലപുരം സ്വദേശിയായ യുവാവും കുടുംബവും തിരുമൂലപുരത്തെ ഒരു തട്ടുകടയില്‍ ഭക്ഷണം കഴിച്ച് ബൈക്കില്‍ മടങ്ങവേ കാറിലെത്തിയ സംഘം ബൈക്കിനു കുറുകെ കാര്‍ നിര്‍ത്തിയ ശേഷം യുവതിയെയും മൂന്നു വയസ്സുള്ള കുഞ്ഞിനെയും കടത്തിക്കൊണ്ട് പോവുകയായിരുന്നു. ഭര്‍ത്താവ് സന്ദീപ് സന്തോഷ് നല്കിയ പരാതിയില്‍ പ്രിന്റു പ്രസാദിനെതിരെ തിരുവല്ല പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.


