വടക്കഞ്ചേരി: വടക്കഞ്ചേരി-കണ്ണമ്പ്ര റോഡില്‍ ആയക്കാട് മന്ദിനുസമീപമുള്ള എ.ഐ. ക്യാമറ വാഹനമിടിച്ചുതകര്ത്ത സംഭവത്തില്‍ ഇടിച്ച കാര്‍ കോതമംഗലത്തുള്ള വര്‍ക്ഷോപ്പില്‍ നിന്നും കണ്ടെത്തി. വ്യാഴാഴ്ചരാത്രി 11 മണിയോടെയാണ് വടക്കഞ്ചേരി ഭാഗത്തേക്ക് പോയ കാര്‍ ക്യാമറ കടന്നശേഷം പിന്നോട്ടെടുത്ത് ക്യാമറ സ്ഥാപിച്ച പോസ്റ്റ് ഇടിച്ചുവീഴ്ത്തിയത്. സംഭവത്തില്‍ പുതുക്കോട് മൈത്താക്കല്‍ മുഹമ്മദിനെ (22) വടക്കഞ്ചേരി പോലീസ് അറസ്റ്റുചെയ്തിരുന്നു.
സംഭവസ്ഥലത്ത് തകര്‍ന്നുകിടന്നിരുന്ന കാറിന്റെ ചില്ലുകള്‍ ചേര്‍ത്തുവെച്ചപ്പോള്‍ ലഭിച്ച പേരും സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കാറില്‍ രണ്ടുപേര്‍കൂടി ഉണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു.
കാറോടിച്ച മുഹമ്മദിനെ ചോദ്യംചെയ്തതില്‍നിന്നാണ് കാര്‍ കോതമംഗലത്തുണ്ടെന്ന് വ്യക്തമായത്. തുടര്‍ന്ന്, വടക്കഞ്ചേരി പോലീസ് കാര്‍ സ്റ്റേഷനിലെത്തിച്ചു. സയന്റിഫിക് അസിസ്റ്റന്റ് കെ. അനുപമയുടെ നേതൃത്വത്തില്‍ ഫോറന്‍സിക് സംഘം കാര്‍ പരിശോധിച്ചു. മുഹമ്മദും സുഹൃത്തുക്കളായ രണ്ടുപേരും ചേര്‍ന്ന് മൂന്നാറിലേക്ക് പോകുംവഴിയാണ് എ.ഐ. ക്യാമറ സ്ഥാപിച്ച പോസ്റ്റ് ഇടിച്ചുവീഴ്ത്തിയതെന്ന് പോലീസ് പറഞ്ഞു. വാടകയ്ക്കെടുത്തതായിരുന്നു കാര്‍. മുഹമ്മദിനെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.