14കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരേ ആരോപണവുമായി കുടുംബം. മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാര്‍ക്കെതിരേയാണ് കുടുംബത്തിന്റെ പരാതി. വയനാട് കല്‍പ്പറ്റ സ്വദേശി വിശ്വനാഥന് ആണ് മരിച്ചത്.
പണവും മൊബൈല്‍ഫോണും വിശ്വനാഥന് ആശുപത്രിയില്‍ നിന്നും മോഷ്ടിച്ചതായി ജീവനക്കാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ വിശ്വനാഥന് തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും ജീവനക്കാര്‍ മോഷണക്കുറ്റം ആരോപിച്ച് ചോദ്യംചെയ്തതായി യുവാവിന്റെ ഭാര്യയുടെ അമ്മ ലീല പറഞ്ഞു. ഇതെ തുടര്‍ന്നാണ് വിശ്വനാഥന് മരിച്ചതെന്നും സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നും ലീല ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഭാര്യയുടെ പ്രസവത്തിനായി എത്തിയതായിരുന്നു വിശ്വനാഥന്. തുടര്‍ന്ന് ഇയാളെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് ശനിയാഴ്ച രാവിലെ ആശുപത്രിക്ക് സമീപത്തെ മരത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.


