മലപ്പുറം: ഗള്‍ഫിലേക്ക് പോകാനിരുന്ന പ്രവാസിയെ കുടുക്കാന്‍ ഇറച്ചിയെന്ന വ്യാജേന കുപ്പിക്കുള്ളില്‍ കഞ്ചാവ് നല്കിയ സുഹൃത്ത് അറസ്റ്റില്‍. എടവണ്ണപ്പാറയിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ ഓമാനൂര്‍ സ്വദേശി പള്ളിപ്പുറായ നീറയില്‍ പി.കെ. ഷമീം (23) അറസ്റ്റിലായി.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് തിരച്ചുപോകാനിരുന്ന പ്രവാസി ഓമാനൂര്‍ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസലിനാണ് ഷമീം ഇറച്ചിയെന്ന വ്യാജേന കഞ്ചാവ് നല്‍കിയത്.
ഗള്‍ഫിലുള്ള മറ്റൊരു സുഹൃത്തിനെന്നാണ് ഷമീം പറഞ്ഞത്. യാത്രക്കുള്ള ലഗേജ് ഒരുക്കുന്നതിനിടെ ഷമീം നല്കിയ പെട്ടിയിലെ വസ്തുക്കള്‍ മാറ്റി പായ്ക്ക് ചെയ്യാന്‍ അഴിച്ചപ്പോഴാണ് ഫൈസലിന് ചതി മനസിലായത്.
തുടര്‍ന്ന് വിശദമായ പരിശോധന നടത്തിയപ്പോള്‍ കുപ്പിയിലുള്ളത് കഞ്ചാവാണെന്ന് മനസിലായി. ഫൈസല്‍ ഉടന്‍തന്നെ വാഴക്കാട് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
ഈ പരാതിയിലാണ് ഷമീം അറസ്റ്റിലായത്. സംഭവത്തില്‍ മുഴുവന്‍ കുറ്റക്കാരും അകത്താകുന്നത് വരെ കേസുമായി മുന്നോട്ടു പോകുമെന്ന് ഫൈസല്‍ പറഞ്ഞു.


