തിരുവനന്തപുരം: കാട്ടാക്കടയില്‍ ചിത്രം അശ്ലീല വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചുവെന്ന പരാതിയുമായി വീട്ടമ്മ. കാട്ടാക്കട പൊലിസിനെതിരെയാണ് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് വീട്ടമ്മ പരാതി നല്‍കിയത്.
കഴിഞ്ഞ മാസം 31 ന് സൈബര്‍ പൊലീസിനും ഫെബ്രുവരി ഒന്നിന് കാട്ടാക്കട പൊലീസിനും നല്കിയ പരാതികളില്‍ പൊലീസ് ഒത്തു തീര്‍പ്പാക്കാനായി ശ്രമിച്ചെന്ന് പരാതിയില്‍ പറയുന്നു. പരാതി അവഗണിച്ചതുമായി ബന്ധപ്പെട്ട് കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി പരാതി കാട്ടാക്കട പൊലീസിന് കൈമാറുകയായിരുന്നു.
അശ്ലീല സൈറ്റിലാണ് ചിത്രം പ്രചരിപ്പിച്ചത്
ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിലും പ്രചാരത്തിലുള്ള അശ്ലീല സൈറ്റിലാണ് ഇത് പ്രചരിപ്പിച്ചത്. യുവതിയുടെ ചിത്രവും ഫോണ്‍ നമ്പറുമടക്കം അശ്ലീല പദങ്ങള്‍ ഉപയോഗിച്ചാണ് പ്രചരിപ്പിച്ചിരുന്നത്. കഴിഞ്ഞമാസം 25നായിരുന്നു സംഭവം. ഇത്തരം പ്രവര്‍ത്തിയെ തുടര്‍ന്ന് പല രാജ്യങ്ങളില്‍ നിന്നായി യുവതിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ വന്നിരുന്നു. നമ്പര്‍ തെറ്റി വന്നതെന്ന് കരുതി ആദ്യം വന്ന നിരവധി കോളുകള്‍ ബ്ലോക്ക് ചെയ്തെങ്കിലും പിന്നീട് നിരവധി സന്ദേശങ്ങള്‍ വന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
മാപ്പപേക്ഷിച്ചതായി യുവതി
കുറ്റക്കാരനെന്ന് യുവതി ആരോപിച്ചയാളും ബന്ധുക്കളും യുവതിയുടെ വീട്ടിലെത്തി മാപ്പപേക്ഷിച്ചതായി യുവതി പറഞ്ഞു. കുറ്റക്കാരെന്ന് ആരോപിക്കുന്ന യുവാവിനെയടക്കം ഏഴുപേരെ ചോദ്യം ചെയ്യണമെന്ന് യുവതി ആവശ്യപ്പെട്ടു.
ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കും
കേസ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ച കാട്ടാക്കട പൊലീസിനെതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.
ആരോപണങ്ങള്‍ അടിസ്ഥാന രഹിതം: കാട്ടാക്കട ഇന്‍സ്പെക്ടര്‍
യുവതിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് കാട്ടാക്കട ഇന്‍സ്പെക്ടര്‍ പറയുന്നത്. പരാതിയില്‍ കേസെടുക്കുകയും പ്രതിയെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും ചെയ്തിരുന്നു. ശേഷം സൈബര്‍ സെല്ലിന് കൈമാറിയതായും പൊലീസ് പറഞ്ഞു. കൂടാതെ വെബ്സൈറ്റില്‍ പ്രചരിപ്പിച്ച ചിത്രവും വിവരങ്ങളും നീക്കം ചെയ്തതായി പൊലീസ് അറിയിച്ചു.


