മങ്കട: ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നിക്ഷേപിച്ച് വന്‍ലാഭം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. പൊന്മള പുല്ലാനിപ്പുറത്ത് മുഹമ്മദ് റാഷിദ് (32), ഭാര്യ മാവണ്ടിയൂര്‍ പട്ടന്മാര്തൊടിക റംലത്ത് (24)എന്നിവരെയാണ് തമിഴ്നാട് ഏര്‍വാടിയിലെ രഹസ്യകേന്ദ്രത്തില്‍നിന്ന് അറസ്റ്റ് ചെയ്തത്. മങ്കട സ്വദശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ റംലത്തിന്റെ സഹോദരന് മുഹമ്മദ് റാഷിദിനെ മങ്കട പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ദമ്പതികള്‍ എവിടെയാണെന്നതിനെക്കുറിച്ചുളള സൂചന ലഭിക്കുന്നത്.
ഗോവയിലുളള ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നിക്ഷേപിച്ച് ലാഭമുണ്ടാക്കിത്തരാമെന്ന് അളുകളെ തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇതിനായി വാട്സ് ആപ്പില്‍ ഗ്രൂപ്പ് ഉണ്ടാക്കി ധാരാളം ആളുകളെ ചേര്‍ത്തിരുന്നു.
തട്ടിപ്പിങ്ങനെ:
കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികള്‍ വിഐപി ഇന്‍വെസ്റ്റ്മെന്റ് എന്ന വാട്സാപ്പ് ഗ്രൂപ്പ്വഴിയാണ് പരാതിക്കാരിയുടെ നമ്പറില്‍ ബന്ധപ്പെട്ടത്. ഗോവയിലെ കാസിനോയില്‍ നടക്കുന്ന ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നിക്ഷേപിച്ചാല്‍ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്നുപറഞ്ഞ് പരാതിക്കാരിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് പലപ്പോഴായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതിയില്‍ പറയുന്നത്. റംലത്തിന്റെ അക്കൗണ്ടിലേക്ക് പണം അയക്കാനാണ് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നത്. പണം ലഭിച്ചില്ലെന്ന പരാതി വരുമ്പോള്‍ ഇവര്‍ ഗ്രൂപ്പില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. പിന്നീട് ഇവര്‍ വെറെ നമ്പറെടുത്ത് പുതിയ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ തുടങ്ങി വീണ്ടും തട്ടിപ്പ് തുടരുകയായിരുന്നുവെന്നാണ് ആരോപണം.


