കോഴിക്കോട്: തീവണ്ടി ആക്രമണക്കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മഞ്ഞപ്പിത്തവും കരളിന്റെ പ്രവര്‍ത്തനത്തില്‍ ചെറിയ പ്രശ്നങ്ങളും സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഷാരൂഖ് പൊലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ച വീണ്ടും വൈദ്യപരിശോധന നടത്തും. കോഴിക്കോട് എത്തിച്ച പ്രതിയെ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം പരിശോധിച്ചു.
മെഡിക്കല്‍ കോളേജിലെ വിവിധ വകുപ്പ് മേധാവികള്‍ നടത്തിയ പരിശോധനയില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് ആദ്യ ഘട്ടത്തില്‍ കണ്ടെത്തിയതെങ്കിലും പിന്നീട് രക്ത പരിശോധനാ ഫലം വന്നതോടെയാണ് മഞ്ഞപ്പിത്തമുള്പ്പടെ വ്യക്തമായത്. ഇതോടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. ഷാരൂഖിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പട്ടതിന് ശേഷം മാത്രമേ വിശദമായ ചോദ്യം ചെയ്യലുണ്ടാകൂ എന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചു.
അതേസമയം തീവെക്കാനുള്ള ആലോചനയും നടത്തിപ്പും ഒറ്റക്കായിരുന്നുവെന്നാണ് ഷാരൂഖിന്റെ മൊഴി. എന്നാല്‍ ഇത് മുഖവിലയ്ക്കെടുക്കാത്ത അന്വേഷണ സംഘം കൂടുതല്‍ ചോദ്യം ചെയ്യലില്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന നിലപാടിലാണ്.


