തേനി: തേനിയില്‍ കാറില്‍ നിന്ന് പിടികൂടിയത് ആടിന്റെ ശരീരഭാഗങ്ങളെന്ന് കണ്ടെത്തി. നേരത്തെ ഇത് മനുഷ്യന്റേതെന്നായിരുന്നു പിടിയിലായവര്‍ പോലീസിനോട് പറഞ്ഞത്. ശാസ്ത്രീയ പരിശോധനയിലാണ് ഇത് ആടിന്റേതെന്ന് തെളിഞ്ഞത്.
ഉത്തമപാളയത്ത് വാഹനപരിശോധനയിലാണ് ആന്തരികാവയവങ്ങളുമായി മൂന്നുപേര്‍ പിടിയിലായത്. ഇവര്‍ക്ക് ഇത് കൈമാറിയത് പത്തനംതിട്ട സ്വദേശിയാണ്. ഇയാളും പിടിയിലായിട്ടുണ്ട്. തമിഴ്നാട് സ്വദേശികളായ അലക്സ് പാണ്ഡ്യന്, ഡേവിഡ് പ്രതാപ് സിങ്, മുരുകന് എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.
ധനാകര്‍ഷണത്തിന് പൂജ ചെയ്ത മനുഷ്യ ശരീര ഭാഗങ്ങളെന്ന പേരില്‍ പത്തനംതിട്ട സ്വദേശിയാണ് പാത്രം നല്‍കിയത്. മനുഷ്യന്റേതെന്ന് കരുതുന്ന നാവ്, കരള്‍, ഹൃദയം തുടങ്ങിയ ശരീരഭാഗങ്ങളാണ് എന്നായിരുന്നു വിശ്വസിപ്പിച്ചിരുന്നത്. പാത്രത്തില്‍ അടച്ച നിലയിലായിരുന്നു. പൂജയ്ക്ക് ശേഷം എത്തിച്ച മനുഷ്യ അവയവങ്ങളാണിതെന്നും വീട്ടില്‍ വച്ചാല്‍ സമ്പത്ത് കുന്നുകൂടുമെന്നായിരുന്നു പൂജാരിയുടെ നിര്‍ദേശം. ഇതുപ്രകാരം പാത്രവുമായി പോകവെയാണ് ഇവര്‍ പിടിയിലായത്.
മാംസ ഭാഗങ്ങള്‍ മനുഷ്യന്റേതാണോ അതോ മറ്റേതെങ്കിലും മൃഗങ്ങളുടേതാണോ എന്ന് സ്ഥിരീകരിക്കാന്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിലാണ് ഇത് ആടിന്റേതാണെന്ന് വ്യക്തമായത്. വാഹനം പോലീസ് പരിശോധിച്ചപ്പോഴാണ് പെട്ടിയില്‍ അവയവങ്ങളുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്.


