മലപ്പുറം: . നിയമന തട്ടിപ്പ് പ്രതി ഒളിവിലാണന്ന് പൊലീസ് പറയുമ്പോഴും അഖില്‍ സജീവ് മുഴുവന്‍ സമയവും ഫോണിലുണ്ടെന്നും മൂന്നുദിവസം മുമ്പും തനിക്ക് ശബ്ദ സന്ദേശം അയച്ചെന്നും തട്ടിപ്പിനിരയായ കോഴിക്കോട് സ്വദേശി. മേയില്‍ പരാതി കൊടുത്തിട്ടും കഴിഞ്ഞ ദിവസമാണ് കുന്ദമംഗലം പൊലീസ് അഖിലിനെതിരെ കേസെടുത്തതെന്നും പരാതിക്കാരന് പറയുന്നു. വീട്ടില്‍ ഇന്റീരിയര്‍ ഡിസൈനിങ് ജോലികള്‍ ചെയ്തു നല്‍കാമെന്ന് പറഞ്ഞ് തൊണ്ണൂറായിരം രൂപയാണ് അഖില്‍ തട്ടിയെടുത്തത്. ഇന്റീരിയര്‍ രംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുണ്ടെന്ന് ബോധ്യപ്പെടുത്തിയായിരുന്നു പണം തട്ടല്‍.
പറഞ്ഞ സമയം കഴിഞ്ഞിട്ടും പണി നടക്കാതെ വന്നതോടെ തട്ടിപ്പാണന്ന് മനസിലായി. പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ കുന്ദമംഗലം പൊലീസ് വിളിച്ചുവരുത്തിയപ്പോള്‍ അഖിലിന്റ അഭിഭാഷകനെന്ന പേരില്‍ ഹാജരായത് ലെനിന് രാജ് . മേയില്‍ കുന്നമംഗലം സ്റ്റേഷനിലും പിന്നീട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പൊലീസ് താല്പര്യം കാണിച്ചില്ല.രണ്ട് മാസം മാത്രമാണ് കുന്ദമംഗലത്ത് അഖിലിന്റ ഇന്റീരിയര്‍ സ്ഥാപനം പ്രവര്‍ത്തിച്ചത്. കെട്ടിടത്തിന് വാടകപോലും നല്‍കിയില്ലെന്ന് മാത്രമല്ല, കടയിലേക്ക് ഇരിപ്പിടങ്ങളടക്കം നല്‍കിയവര്‍ക്ക് പണം പോലും കൊടുക്കാതെയാണ് അഖില്‍ മുങ്ങിയത്.