കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളില്‍ ക്രൈംബ്രാഞ്ചിന് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചു. രണ്ട് യുവതികള്‍ ഗര്‍ഭച്ഛിദ്രത്തിന് വിധേയരായതായാണ് പുറത്തുവരുന്ന വിവരം. ആദ്യ ഗര്‍ഭച്ഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ സഹായിച്ചുവെന്നും ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലിലുണ്ട്. ബെംഗളൂരുവില്‍ നിന്നാണ് ഗര്‍ഭച്ഛിദ്രം നടന്നതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം. ഇത് സംബന്ധിച്ച് ബെംഗളൂരുവിലെ ആശുപത്രി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്. അന്വേഷണസംഘം ഗര്‍ഭച്ഛിദ്രം നടന്ന ആശുപത്രിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അതേസമയം വിവരങ്ങള്‍ സ്പീക്കറെ ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. 15-ന് നിയമസഭാസമ്മേളനം തുടങ്ങാനിരിക്കെയാണിത്.
ഇതുമായി ബന്ധപ്പെട്ട് നേരിട്ട് ആരും പരാതി നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ അത്തരത്തില്‍ ഒരു കേസെടുക്കാന്‍ അന്വേഷണസംഘത്തിന് സാധിക്കില്ല. പരാതിക്കാരെ കണ്ടെത്തുകയും പരാതി നല്‍കുന്നത് സംബന്ധിച്ച് അന്വേഷിക്കാനും ഒരുങ്ങുകയാണ് അന്വേഷണസംഘം. പരാതിയില്ലെങ്കില്‍ അവരുടെ മൊഴി കൂടി രേഖപ്പെടുത്തി നിയമനടപടികള്‍ അവസാനിപ്പിച്ചേക്കും. അതിന് പുറമേ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദമുണ്ടെങ്കില്‍ അത് അന്വേഷിച്ച് അവരില്‍ നിന്ന് പരാതി എഴുതി വാങ്ങി അന്വേഷണസംഘം അന്വേഷണവുമായി മുന്നോട്ടുപോകും.
നേരത്തേ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരില്‍ പരാതിനല്‍കിയ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നും മൊഴിയെടുത്തിരുന്നു. എന്നാല്‍ ആരോപണമുന്നയിച്ചവര്‍ ആരും ഇതുവരെ നേരിട്ട് പരാതികള്‍ നല്‍കിയിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പുറത്തുവന്ന ശബ്ദസന്ദേശം അദ്ദേഹത്തിന്റേതാണെന്ന് കണ്ടെത്താന്‍ ശാസ്ത്രീയപരിശോധന വേണ്ടിവരും. റെക്കോഡ്ചെയ്യപ്പെട്ട ഇലക്ട്രോണിക് മാധ്യമം ആരോപണമുന്നയിച്ച യുവതിയുടെ പക്കലാണെങ്കില്‍ അത് പരിശോധനയ്ക്ക് ലഭ്യമാക്കാനാകില്ല. അവര്‍ പരാതിക്കാരിയല്ലാത്തതാണ് കാരണം.