ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള നിയമസഭാ മണ്ഡലങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഈ സാമ്പത്തികവര്‍ഷം ഫണ്ടനുവദിക്കാനാകില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. തിരഞ്ഞെടുപ്പിന് മുന്‍പ് നല്കിയ അഞ്ച് ഉറപ്പുകള്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും ഡി.കെ. പറഞ്ഞു.
മണ്ഡലങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ടനുവദിക്കാത്തതില്‍ അതൃപ്തി അറിയിച്ച് സംസ്ഥാനത്തെ 11 എം.എല്‍.എ.മാര്‍ മുഖ്യമന്ത്രിക്കയച്ച കത്ത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് അക്കാര്യത്തിലുള്ള ഡി.കെ.യുടെ വിശദീകരണം. എല്ലാ എം.എല്‍.എ.മാരോടും ക്ഷമയോടെയിരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായും ഡി.കെ. ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ബി.ജെ.പി. സര്‍ക്കാര്‍ സംസ്ഥാനത്തെ പാപ്പരാക്കി. അവരുടെ തെറ്റുകള്‍ തിരുത്തണം. തിരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്കിയ ഉറപ്പുകള്‍ പാലിക്കാന്‍ വന്‍ വിഭവസമാഹരണം അത്യാവശ്യമാണ്. അതിനാല്‍ത്തന്നെ ഈ സാമ്പത്തികവര്‍ഷം എം.എല്‍.എ.മാര്‍ തങ്ങളുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ട് പ്രതീക്ഷിക്കേണ്ടതില്ലെന്നും ഡി.കെ. അറിയിച്ചു. ഇക്കാര്യങ്ങളടക്കം വിശദീകരിക്കാനായി മുഖ്യമന്ത്രി വ്യാഴാഴ്ച എം.എല്‍.എ.മാരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും യോഗം വിളിച്ചിട്ടുണ്ടെന്നും ഡികെ പറഞ്ഞു.