തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാതെ പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം അവസാനിപ്പിച്ച് സഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു. ജൂണ്‍ 27 ന് ആരംഭിച്ച സമ്മേളനം ആകെ 23 ദിനങ്ങള്‍ ചേരാനാണ് ആദ്യ കലണ്ടര്‍ തയ്യാറാക്കിയിരുന്നതെങ്കിലും വ്യത്യസ്ത കാരണങ്ങളാല്‍ 8 ദിവസത്തെ സമ്മേളനം വെട്ടിച്ചുരുക്കി 15 ദിവസങ്ങളാണ് യോഗം ചേര്‍ന്നത്. ഒട്ടേറെ വിവാദങ്ങള്‍ക്കും പ്രക്ഷുബ്ധമായ അന്തരീക്ഷങ്ങള്‍ക്കും സഭാ സമ്മേളനം വേദിയായി. സംസ്ഥാന മന്ത്രിസഭയിലെ ഫിഷറീസ്- സാംസ്കാരിക മന്ത്രിയായിരുന്ന സജി ചെറിയാന്. ഭരണഘടനാ വിരുദ്ധ പാരാമര്‍ശം നടത്തിയതിന്റെ പേരില്‍ രാജി വയ്ക്കുകയും ചെയ്തു.
നിയമനിര്‍മ്മാണത്തില്‍ രണ്ട് ധനകാര്യ ബില്ലുകളും, 2022 – ലെ കേരള സഹകരണ സംഘ (ഭേദഗതി) ബില്ലും സബ്ജക്ട് കമ്മിറ്റികളുടെ പരിശോധനയ്ക്ക് അയയ്ക്കുകയും പിന്നീട് പാസാക്കുകയും ചെയ്തു. 2022-23 വര്‍ഷത്തെ ബജറ്റിനെ ബന്ധിക്കുന്നതും ഉപധനാഭ്യര്‍ത്ഥനയെ സംബന്ധിക്കുന്നതുമായ രണ്ട് ധനവിനിയോഗ ബില്ലുകളും അതോടൊപ്പം സഭ പാസാക്കുകയുണ്ടായി.


