തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസ് ഉപരോധം ഖേദകരമെന്ന് റൂളിങ്. ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരായ പരാമര്‍ശം അനുചിതമെന്ന് പറഞ്ഞ സ്പീക്കര്‍ അത് പിന്‍വലിക്കുന്നതായും വ്യക്തമാക്കി. ബോധപൂര്‍വ്വം അല്ലാതെ നടത്തിയ പരാമര്‍ശം പിന്‍വലിക്കുന്നു. സഭാ രേഖകളില്‍ നിന്നും മാറ്റുന്നുവെന്നും അദ്ദേഹം അറിയിച്ചു. കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം സംഭവമെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. 14, 15 തിയതികളില്‍ സഭയ്ക്ക് അകത്തും പുറത്തും ഉണ്ടായ സംഭവങ്ങളിലായിരുന്നു സ്പീക്കറുടെ റൂളിങ്.
സ്പീക്കര്‍ പറഞ്ഞതിങ്ങനെ
ഒഴിവാക്കപ്പെടേണ്ട സംഭവങ്ങളാണ് ഉണ്ടായത്. ആക്ഷേപങ്ങള്‍ വസ്തുതാ വിരുദ്ധവും ചെയറിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതുമാണ്. സഭാ ചട്ടങ്ങളില്‍ പ്രതിഷേധിക്കാനുള്ള അവകാശങ്ങള്‍ പരിമിതമാണ്. സമാന്തര പ്രമേയം അവതരിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് തെറ്റ്. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ നടത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമാണ് ഇത്തരം സംഭവങ്ങള്‍. രണ്ട് എംഎല്‍എമാര്‍ക്ക് സാരമായി പരുക്കേറ്റു.
യോജിക്കാവുന്ന കാര്യങ്ങളില്‍ യോജിച്ചും വിയോജിക്കേണ്ട കാര്യങ്ങളില്‍ വിയോജിച്ചും മുന്നോട്ട് പോകുമെന്നും സ്പീക്കര്‍ പറഞ്ഞു. അംഗങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന ഒന്നും ചെയറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല’, സ്പീക്കര്‍ പറഞ്ഞു. സഭാ ടിവിയുമായി ബന്ധപ്പെട്ട പരാതി പരിശോധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ അടക്കം കാണിക്കുന്നത് ആലോചിച്ച് മാര്‍ഗനിര്‍ദേശം പുതുക്കും.പ്രതിപക്ഷ പ്രതിഷേധം സംപ്രേഷണം ചെയ്യുന്നതിന് നിര്‍ദേശം നല്‍കുമെന്നും സ്പീക്കര്‍ അറിയിച്ചു.


