എം.ബി രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദന് രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. പതിനൊന്ന് മണിക്ക് രാജ്ഭവനില്‍ വച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.
രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ മന്ത്രിസഭയിലെ ആദ്യ അഴിച്ചുപണി കൂടിയാണിത്. ഗോവിന്ദന് മാസ്റ്റര്‍ കൈകാര്യം ചെയ്ത തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പുകള്‍ തന്നെയാണ് രാജേഷിന് നല്‍കുക. പാര്‍ട്ടി താല്‍പ്പര്യവും ജനതാല്‍പ്പര്യവും ഉയര്‍ത്തി പിടിച്ചാണ് ഇതുവരെ പ്രവര്‍ത്തിച്ചതെന്നും പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കും. എല്ലാവരുടെയും സഹകരണവും പിന്തുണയും തുടര്‍ന്നും ഉണ്ടാകണമെന്നും എംബി രാജേഷ് അഭ്യര്‍ത്ഥിച്ചു.
വി ടി ബല്‍റാം തുടര്‍ച്ചയായി രണ്ടുതവണ ജയിച്ച തൃത്താല മണ്ഡലത്തില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചാണ് ഇക്കുറി എംബി രാജേഷ് സഭയിലെത്തുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിലും എംബി രാജേഷ് പ്രവര്‍ത്തിച്ചു. 2009ലും 2014ലും പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ എംപി. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ് രാജേഷ്.


