സംസ്ഥാനത്ത് 215 പഞ്ചായത്തുകളിലും 81 നഗരസഭാ വാര്‍ഡുകളിലും ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും. മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ യോഗം നാളെ നടക്കും. സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ആരംഭിച്ചു.
ദേശീയ പാതകളില്‍ ഉള്‍പ്പെടെ പരിശോധന കര്‍ശനമാക്കി. കോവിഡ് വ്യാപനം രൂക്ഷമായതോടെ കൂടുതല്‍ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണം. എറണാകുളത്ത് 39 ഉം കോഴിക്കോട് 32 ഉം തൃശൂരില്‍ 29 ഉം പഞ്ചായത്തുകള്‍ മുഴുവനായി ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കൊല്ലത്ത് 22 ഉം പത്തനംതിട്ടയില്‍ 17 ഉം പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. ഇവിടങ്ങളില്‍ അവശ്യ സാധന കടകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ.
രാത്രി പത്തു മുതല്‍ രാവിലെ ആറുവരെ രാത്രി കര്‍ഫ്യൂവും ആരംഭിച്ചു. ആശുപത്രി യാത്രകള്‍, അവശ്യ സര്‍വീസുകള്‍, ചരക്കു നീക്കം, മരണവുമായി ബന്ധപ്പെട്ട യാത്രകള്‍, ദീര്‍ഘയാത്ര കഴിഞ്ഞുള്ള മടക്കം എന്നിവയ്ക്കു മാത്രമാണ് അനുമതി. മറ്റുള്ള അത്യാവശ്യ യാത്രക്കാര്‍ സമീപത്തെ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. അനാവശ്യയാത്രക്കാരെ പലയിടങ്ങളിലും പൊലീസ് തടഞ്ഞ് മുന്നറിയിപ്പ് നല്കി വിട്ടു.
കെഎസ്ആര്‍ടിസി സര്‍വീസുകളുമുണ്ടാകില്ല. അതേസമയം, രാത്രി കര്‍ഫ്യൂവും ഞായറാഴ്ച ലോക്ഡൗണും യുക്തി സഹമല്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. രാത്രിയിലും ഞായറാഴ്ചയും മാത്രമാണോ വൈറസ് വ്യാപനമെന്നും ചോദ്യമുയരുന്നു. പകലത്തെ തിരക്ക് കുറയ്ക്കുകയാണെന്ന് അത്യാവശ്യമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗം കൂടുതല്‍ നിയന്ത്രമങ്ങള്‍ ആവശ്യമാണോ എന്ന കാര്യം ചര്‍ച്ച ചെയ്യും. നാളെ ചേരുന്ന വിദഗ്ധ സമതി യോഗം നിലവിലെ സര്‍ക്കാര്‍ നടപടികളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ തീരുമാനിക്കും.


