മള്‍ട്ടി ലെയര്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ്ങ് വിലക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. നേരിട്ടുള്ള വില്പനയുടെ (ഡയറക്ട് സെല്ലിങ്) മറവില്‍ ആളുകളെ കണ്ണി ചേര്‍ത്ത് വിവിധ തട്ടുകളാക്കി പ്രവര്‍ത്തിക്കുന്ന രീതിയാണ് കേന്ദ്രം വിലക്കിയത്. പ്രൈസ് ചിറ്റ്സ് ആന്റ് മണി സര്‍ക്കുലേഷന്‍ സ്കീം നിരോധന നിയമത്തിന്റെ രണ്ടാം വകുപ്പില്‍ വരുന്ന മണി ചെയിന്‍ പദ്ധതികള്‍ക്കും കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നീതിപൂര്‍വമല്ലാത്ത വ്യാപാരമാണ് ഇതെന്ന് കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യവിതരണ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അനുപമ മിശ്ര പറഞ്ഞു.ആളുകളെ പുതുതായി ചേര്‍ക്കുന്നതിന് അനുസരിച്ച് പണം ലഭിക്കുന്ന പിരമിഡ് മാതൃകയാണിത്. ആദ്യം ചേരുന്നവര്‍ മുകള്‍ തട്ടിലും പിന്നീട് ചേരുന്നവര്‍ താഴെ തട്ടിലുമായി വീണ്ടും ആളുകളെ ചേര്‍ത്തു കൊണ്ടിരിക്കുന്ന മള്‍ട്ടിലെയേഡ് നെറ്റ് വര്‍ക്കാണ് പിരമിഡ് സ്കീം എന്ന് പുതിയ വിജ്ഞാപനത്തില്‍ പറയുന്നു. കേരളത്തില്‍ സജീവമായ മിക്ക വിദേശ ഇന്ത്യന്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനികളും പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്.
പുതിയ വിജ്ഞാപന പ്രകാരം ഡയറക്ട് സെല്ലിങ്ങിന് കേന്ദ്രം പുതിയ നിര്‍വചനവും കൊണ്ടു വന്നിട്ടുണ്ട്.ഒരു സ്ഥാപനമോ കമ്പനിയോ നേരിട്ടുള്ള വില്‍പ്പനക്കാരിലൂടെ തങ്ങളുടെ ഉല്‍പ്പനങ്ങളും സേവനങ്ങളും നല്‍കുന്നതാണ് ഡയറക്ട് സെല്ലിങ്. ഇത് കമ്പനികളെ നിയന്ത്രിക്കാനുള്ള ചട്ടങ്ങളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (ഡയറക്ട് സെല്ലിംഗ്) റൂള്‍സ്, 2021 അനുസരിച്ച്, അവരുടെ നേരിട്ടുള്ള വില്‍പ്പനക്കാരില്‍ നിന്ന് ഉണ്ടാകുന്ന പരാതികള്‍ക്ക് കമ്പനികള്‍ ബാധ്യസ്ഥരായിരിക്കും.
ഇത്തരം കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഒരു ഓഫീസെങ്കിലുമുണ്ടാകണം, ഉപഭോക്തൃ സംരക്ഷണം അനുസരിച്ച്, ഏതെങ്കിലും തരത്തിലുള്ള പിരമിഡ് സ്കീം അല്ലെങ്കില്‍ മണി സര്‍ക്കുലേഷന്‍ സ്കീം എന്നിവയുമായി ബന്ധമില്ലന്ന് കമ്പനി വ്യക്തമാക്കണം,എല്ലാ വില്പനക്കാര്ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം, കമ്പനി സെക്രട്ടറി വില്പനക്കാരുമായി രേഖാമൂലം കരാറിലേര്പ്പൈം, വില്‍പ്പനക്കാരുടെ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും കമ്പനി സെക്രട്ടറിയായിരിക്കും ഉത്തരവാദിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
കമ്പനി ആക്റ്റ്, 2013, പാര്‍ട്ണര്‍ഷിപ്പ് ആക്റ്റ്, 1932 അല്ലെങ്കില്‍ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് ആക്റ്റ്, 2008 എന്നിവ പ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ട ഡയറക്ട് സെല്ലിംഗ് കമ്പനികള്‍ പുതിയ വിജ്ഞാപനത്തിലെ ചട്ടങ്ങള്‍ നടപ്പാക്കുകയും പാലിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാറുകളാണെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. വിജ്ഞാപനമനുസരിച്ച് 90 ദിവസത്തിനകം നിയമങ്ങള്‍ ബാധകമാകും. ഏകദേശം ഏഴ് ദശലക്ഷത്തിലധികം ആളുകള്‍ ഈ മേഖലയില്‍ വരുമാനം കണ്ടെത്തുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.


