മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും ശക്തമായ പ്രതിഷേധം. കൊച്ചി കണയന്നൂര്‍ താലൂക്ക് ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഡിസിസിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് മഹാരാജാസ് കോളജിന് മുന്പില് ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.
മാര്‍ച്ചിനിടെ കൊച്ചി എസിപി കെ. ലാല്‍ജി കുഴഞ്ഞ് വീണു. അദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം. കലക്ട്രേറ്റിന് മുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിച്ചു. സ്ഥലത്ത് ഏറെ നേരം സംഘാര്‍ഷാവസ്ഥ നിലനിന്നു.
സെക്രട്ടേറിയറ്റിലേക്ക് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് ചാടിക്കടക്കാന്‍ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി.


