തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ചയാളെ പുഴുവരിച്ചതില്‍ ജീവനക്കാര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ട്. തുടര്‍നടപടിക്ക് ശുപാര്‍ശയുമായി റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറും. മതിയായ ചികിത്സ ലഭിച്ചില്ലെന്ന് മകള്‍ പരാതിപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൈകള്‍ കട്ടിലിനോട് ചേര്‍ത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നുവെന്ന് അനില്‍കുമാര്‍ പറഞ്ഞത് കേട്ട് ഹൃദയം തകര്‍ന്നിരിക്കുകയാണ് കുടുംബം. കൈകള്‍ നിവരാത്തവിധം മുകളിലേയ്ക്ക് മടങ്ങിയ നിലയിലാണ്.
പേരൂര്‍ക്കട ആശുപത്രിയിലേയ്ക്ക് മാറ്റി നല്ല പരിചരണം നല്‍കിയതോടെ അനില്‍കുമാര്‍ ബോധം വീണ്ടെടുത്തു. 6 ന് കോവിഡ് വാര്‍ഡിലേയ്ക്ക് മാറ്റിയയാളെ പിന്നെ ബന്ധുക്കള്‍ കാണുന്നത് 27 ന് ആണ്. അതും എല്ലും തോലുമായി പുഴുവരിച്ച നിലയില്‍. ഡയപ്പര്‍ പോലും 22 ദിവസം മാറ്റിയില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് മകള്‍ ആവശ്യപ്പെട്ടു.
ജീവനക്കാര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. കൃത്യവിലോപം നടന്നതായി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സംഭവത്തേക്കുറിച്ച് അന്വേഷിച്ച മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ തുടര്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തുകൊണ്ട് ആരോഗ്യ മന്ത്രിക്ക് കൈമാറി.
കഴുത്തിന് താഴേയ്ക്ക് തളര്‍ന്ന വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിനെയാണ് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഗസ്റ്റ് 21 ന് പണി കഴിഞ്ഞ് മടങ്ങിവരും വഴി തെന്നി വീണ് അനില്‍കുമാറിന് പരുക്കേറ്റിരുന്നു. ആദ്യം പേരൂര്‍ക്കട ആശുപത്രിയിലെത്തിച്ച അനില്‍കുമാറിനെ 22 ന് പുലര്‍ച്ചെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തില്‍ തളര്‍ച്ച ബാധിച്ചിരുന്നു. ഈ മാസം ആറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. 26ന് അനില്‍കുമാറിന് കൊവിഡ് നെഗറ്റീവായി. തുടര്‍ന്ന് വീട്ടില്‍ എത്തിച്ചപ്പോഴാണ് ശരീരമാസകലം പുഴുവരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ അനില്‍കുമാറിന്റെ ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.


