ഐഎന്‍എല്‍ വഹാബ് വിഭാഗം സംസ്ഥാന കമ്മിറ്റി ഇന്ന് നിലവില്‍ വരും. സംസ്ഥാന പ്രസിഡന്റ് എപി അബ്ദുല്‍ വഹാബിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി നാസര്‍ കോയ തങ്ങള്‍ അറിയിച്ചു. ഉച്ചക്ക് 2.00നാണ് യോഗം.
14 ജില്ലകളില്‍ നിന്നുള്ള കൗണ്‍സില്‍ അംഗങ്ങളാണ് പരിപാടിയില്‍ സംബന്ധിക്കുന്നത്. 2022-25 കാലത്തേക്കുള്ള സംസ്ഥാന കമ്മിറ്റിയെ കൗണ്‍സില്‍ തെരഞ്ഞെടുക്കും. പാര്‍ട്ടിയുടെ പ്രവര്‍ത്തന പദ്ധതികള്‍ പോഷക സംഘടന കമ്മിറ്റികളുടെ രൂപീകരണം തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റി ഇതായിരിക്കുമെന്നാണ് വഹാബ് വിഭാഗത്തിന്റെ അവകാശവാദം.
പാര്‍ട്ടിക്കുള്ളില്‍ കാലങ്ങളായി പുകയുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള സമവായ നീക്കങ്ങളെല്ലാം പാളിയ പശ്ചാത്തലത്തില്‍ ദേശീയ നേതൃത്വം സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടാണ് എ പി അബ്ദുള്‍ വഹാബ് സ്വീകരിച്ചിരുന്നത്.
സംസ്ഥാന കൗണ്‍സില്‍ പിരിച്ചുവിടാന്‍ ദേശീയ കൗണ്‍സിലിന് അധികാരമില്ലെന്നും അതിനാല്‍ തന്നെ ഈ തീരുമാനം അംഗീകരിക്കില്ലെന്നും അബ്ദുള്‍ വഹാബ് പ്രതികരിച്ചിരുന്നു. ഇത് മധ്യസ്ഥ ചര്‍ച്ചയുടെ ലംഘനമാണ്. ദേശീയ നേതൃത്വത്തിന്റെ ഇടപെടലിന് വിലക്കുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.