സംസ്ഥാനത്ത് പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് അംഗീകാരം. മിനിമം ചാര്‍ജ് 8 രൂപയില്‍ നന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ കണ്സഷന് നിരക്കില്‍ മാറ്റമില്ല. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നുള്ള ബസുടമകളുടെ ആവശ്യം തള്ളിക്കൊണ്ടാണ് എല്‍ഡിഎഫ് യോഗത്തിന്റെ തീരുമാനം.
ബസ് ചാര്‍ജ് വര്‍ധനവിനൊപ്പം ഓട്ടോ , ടാക്സി ചാര്‍ജും കൂട്ടുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയാക്കി കൂട്ടുമെന്ന് മന്ത്രി പറഞ്ഞു. ഒന്നര കിലോമീറ്ററിന് 25 രൂപയില്‍ നിന്ന് 30 രൂപയാക്കി വര്‍ധിപ്പിക്കാനാണ് തീരുമാനം. അധികം കിലോമീറ്ററിന് 12 ല്‍ നിന്ന് 15 രൂപ ആക്കിയിട്ടുണ്ട്.
ടാക്സി 1500 സിസിക്ക് താഴെയുള്ളവയുടെ മിനിമം നിരക്ക് 200 രൂപയാക്കും. 1500 സിസിക്ക് മുകളില്‍ ടാക്സി ചാര്‍ജ് 225 രൂപയാക്കും. അധികം വരുന്ന ഓരോ കിലോമീറ്ററിനും 17 രൂപ 20 പൈസയാക്കും. വെയ്റ്റിംഗ് ചാര്‍ജ്, രാത്രി യാത്രാ നിരക്ക് എന്നിവയില്‍ മാറ്റമില്ലെന്നും ഗതാഗതമന്ത്രി അറിയിച്ചു. ബസ്, ഓട്ടോ, ടാക്സി വര്‍ധനവില്‍ സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറക്കും.
മിനിമം നിരക്ക് 12 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബസ് ഉടമകള്‍ സമരം നടത്തിയത്. നിരക്ക് വര്‍ധന ഉടന്‍ നടപ്പാക്കുമെന്ന സര്‍ക്കാര്‍ ഉറപ്പില്‍ സ്വകാര്യ ബസ് ഉടമകള്‍ സമരം പിന്‍വലിക്കുകയായിരുന്നു.
അതേസമയം പ്രൈവറ്റ് ബസ് മേഖലയെ മുന്നോട്ടുകൊണ്ടുപോകാന്‍ ഒട്ടും പര്യാപ്തമായ നിരക്ക് വര്‍ധനവല്ലെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചതെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രതിനിധി ടി ഗോപിനാഥ് പറഞ്ഞു. ബസുടമകള്‍ ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുന്നുവെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രതിനിധി പ്രതികരിച്ചു. വിദ്യാര്‍ത്ഥികളുടെ കണ്സഷന് നിരക്കും കൂട്ടണമെന്നാണ് ബസുടമകളുടെ ആവശ്യം.


