സ്വന്തം നാട് വിട്ട് മറ്റു സംസ്ഥാനങ്ങളിലേക്ക് കുടയേറിയവര്‍ക്ക് വോട്ട് ചെയ്യാന്‍ സംവിധാനമൊരുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടികള്‍ തുടങ്ങി. താമസിക്കുന്ന ഇടങ്ങളില്‍ തന്നെ വോട്ട് ചെയ്യാന്‍ റിമോട്ട് വോട്ടിംഗ് മെഷീനുകള്‍ പരീക്ഷിക്കാനാണ് ആലോചന. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അടുത്ത മാസം 16ന് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു.
ഒരിന്ത്യ ഒരു തെരഞ്ഞെടുപ്പ് ആശയം തെരഞ്ഞെടുപ്പ് കമ്മീഷന് പരിഗണിക്കുകയാണ്. ഈ വിധത്തില്‍ തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ വോട്ടിംഗ് ശതമാനത്തിലും ഗണ്യമായ മാറ്റം ഉണ്ടാക്കാന്‍ സാധിയ്ക്കണം എന്ന് കമ്മീഷന് കരുതുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ വോട്ട് സമാഹരിക്കാനായാല്‍ വോട്ടിംഗ് ശതമാനം ഗണ്യമായി ഉയരും. നിലവില്‍ ഇതിനുള്ള തടസ്സം സ്വന്തം മണ്ഡലങ്ങളിലേക്ക് യാത്രചെയ്യാനുള്ള വോട്ടര്‍മാരുടെ ബുദ്ധിമുട്ടാണ്.
ഈ സാഹചര്യത്തെ സാങ്കേതിക സൗകര്യം ഉപയോഗിച്ച് നേരിടുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം. മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവര്‍ക്ക് സ്വന്തം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി മള്‍ട്ടി കോണ്‍സ്റ്റിറ്റിയുവന്‍സി പ്രോട്ടോടൈപ്പ് റിമോട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് അഥവാ ആര്‍വിഎം ആണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇപ്പോള്‍ വികസിപ്പിച്ചിരിക്കുന്നത്. ഒരേസമയം 72 മണ്ഡലങ്ങളിലെ വരെ വോട്ടുകള്‍ ഒറ്റ മെഷീനില്‍ രേഖപ്പെടുത്താനാകും.
ആര്‍വിഎം തെരഞ്ഞെടുപ്പുകളില്‍ ഉപയോഗപ്പെടുത്തുന്നതിന് മുന്നോടിയായി പൈലറ്റ് പദ്ധതി പരീക്ഷിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. അതേസമയം ഈ സംവിധാനം ഒരുക്കുന്നതിന് വെല്ലുവിളികളേറെയാണ്. ഇക്കാര്യമാണ് ജനുവരി 16ന് രാഷ്ട്രീയ പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന് ചര്‍ച്ച ചെയ്യുക. പദ്ധതിയുടെ വിശദാംശങ്ങളടങ്ങിയ കുറിപ്പ് ഇതിനോടകം പാര്‍ട്ടികള്‍ക്ക് നല്‍കിയിട്ടുണ്ട്. ശനിയാഴ്ചയ്ക്കകം രേഖാമൂലം പാര്‍ട്ടികള്‍ ഇതിന് മറുപടി നല്‍കണം.
ആഭ്യന്തര കുടിയേറ്റക്കാരുടെ നിര്‍വചനം, പെരുമാറ്റച്ചട്ടം നടപ്പാക്കുക, വോട്ടിംഗില്‍ സ്വകാര്യത ഉറപ്പാക്കുക, വോട്ടര്‍മാരെ തിരിച്ചറിയുക, വോട്ടെണ്ണല്‍ മുതലായ വെല്ലുവിളികള്‍ മറികടക്കുന്നതിനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവരുടെ കേന്ദ്രീകൃത വിവരങ്ങള്‍ ലഭ്യമല്ല എന്നതും പ്രധാന വെല്ലുവിളിയാണ്. എല്ലാവരുടെയും നിര്‍േദശങ്ങള്‍ സ്വീകരിച്ച ശേഷം റിമോട്ട് വോട്ടിംഗ് നടപ്പാക്കുന്നതിലേക്ക് കടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.