സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക്ക് എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്കി. അവകാശ ലംഘനം നടത്തിയിട്ടില്ലെന്നും മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും ധനമന്ത്രി. സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാത്ത കാര്യങ്ങളാണ് സിഎജി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്ന അസാധാരണ സാഹചര്യം ഉണ്ടായി. എത്തിക്സ് കമ്മിറ്റി എന്ത് തീരുമാനിച്ചാലും അത് സ്വീകരിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
സഭയില്‍ വെയ്ക്കും മുമ്പ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ മന്ത്രിയുടെ നടപടി സഭാ അംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു വി.ഡി സതീശന്റെ പരാതി. കഴിഞ്ഞയാഴ്ച സതീശന് എത്തിക്സ് കമ്മറ്റിക്ക് ഐസക്കിനെതിരേ തെളിവ് നല്‍കിയിരുന്നു. മന്ത്രിയുടെ വിശദീകരണം കേട്ട ശേഷം എത്തിക്സ് കമ്മിറ്റി തുടര്‍ നടപടികളിലേക്ക് കടക്കും.
ഗവര്‍ണര്‍ക്കാണ് സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. അത് അതീവരഹസ്യമായി സൂക്ഷിക്കേണ്ടതാണ്. ഈ റിപ്പോര്‍ട്ട് ഗവര്‍ണറുടെ അംഗീകാരത്തോടെ സഭയില്‍ വയ്ക്കേണ്ടതായിരുന്നു. ഇതൊന്നുമുണ്ടായില്ല. സഭയില്‍ എത്തുന്നത് വരെ റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കേണ്ട ഉത്തരവാദിത്വം ധനമന്ത്രിക്കുണ്ടായിരുന്നു. അതിനാല്‍ ധനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ ചട്ടലംഘനമാണെന്നും പരാതിയില്‍ പറയുന്നു.


