കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. സോണിയ ഗാന്ധിയുമായുളള കൂടിക്കാഴ്ച്ചക്ക് ശേഷമാണ് മത്സരിക്കാനില്ലെന്ന പ്രഖ്യാപനം. രാജസ്ഥാനിലെ സംഭവ വികാസങ്ങളില്‍ സോണിയയോട് ഗെലോട്ട് മാപ്പ് പറഞ്ഞു. നെഹ്റു കുടുംബവുമായി 50 വര്‍ഷത്തെ ബന്ധമാണുളളതെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഗലോട്ട് പറഞ്ഞു.
നെഹ്റു കുടുംബവുമായി ഏറെ അടുപ്പമുള്ള ഗെലോട്ടിനെ അധ്യക്ഷ പദവിയില്‍ എത്തിക്കാന്‍ ആയിരുന്നു നേതൃത്വത്തിന്റെ ശ്രമം. പകരം രാജസ്ഥാനില്‍ സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രി പദത്തില്‍ അവരോധിക്കാനും ആയിരുന്നു തീരുമാനം. ഗലോട്ടിന്റെ അനുയായികള്‍ കലാപ കൊടി ഉയര്‍ത്തിയതോടെയാണ് ഹൈക്കമാന്‍ഡ് നീക്കം പൊളിഞ്ഞത്.
അതേസമയം കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരും ദിഗ് വിജയ് സിങും കൂടിക്കാഴ്ച നടത്തി. തരൂര്‍ നാളെ പത്രിക നല്‍കാനിരിക്കെയാണ് കൂടിക്കാഴ്ച. ദിഗ് വിജയ് സിങിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ തരൂര്‍ സ്വാഗതം ചെയ്തു. നാളെ പത്രിക സമര്‍പ്പിക്കുമെന്ന് ദിഗ് വിജയ് സിങും വ്യക്തമാക്കി.
ഒക്ടോബര്‍ എട്ടിനാണ് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കേണ്ട അവസാന ദിവസം. 17ന് തിരഞ്ഞെടുപ്പ് നടക്കും, 19ന് ഫലപ്രഖ്യാപനം.

