ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പ്രിന്‍സിപ്പലിനും മലപ്പുറം കളക്ടറുടെ കാരണം കാണിക്കല്‍ നോട്ടിസ്. 24 മണിക്കൂറിനകം രേഖാമൂലം മറുപടി ലഭിക്കണമെന്നാണ് നോട്ടിസില്‍ നിര്‍ദേശം. വിഷയത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായി വിലയിരുത്തിയാണ് നോട്ടിസ്.
പൂര്‍ണ ഗര്‍ഭിണിയായ യുവതിക്ക് ആദ്യം ചികിത്സ തേടിയ മഞ്ചേരിയില്‍ നിന്ന് ചികിത്സ നിഷേധിച്ചതോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലുള്‍പ്പെടെ ചികിത്സ തേടേണ്ടി വന്നത്. 14 മണിക്കൂറിനൊടുവിലാണ് അതീവ ഗുരുതരാവസ്ഥയിലായ യുവതിക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ ലഭ്യമായത്. ചികിത്സ നിഷേധിച്ചതോടൊപ്പം മറ്റു ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുമ്പോഴുള്ള നടപടിക്രമങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് പാലിച്ചിട്ടില്ലെന്നും നോട്ടിസില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
24 മണിക്കൂറിനകം മറുപടി ലഭിച്ചില്ലങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടിസില്‍ വ്യക്തമാക്കി. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ മഞ്ചേരി മെഡിക്കല്‍ കോളജിലെ വകുപ്പ് മേധാവികളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ജില്ലാ കളക്ടര്‍ കാരണം ബോധിപ്പിക്കാന്‍ നോട്ടിസ് നല്‍കിയത്. വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ആവര്‍ത്തിച്ചു.
വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ വീഴ്ചയായി കണ്ട് നടപടി എടുക്കുമെന്നും നോട്ടിസില്‍ മുന്നറിയിപ്പുണ്ട്. പ്രാഥമികമായി വീഴ്ച ബോധ്യപ്പെട്ടതോടെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. മന്ത്രി കെ.കെ. ശൈലജ പ്രഖ്യാപിച്ച ആരോഗ്യ വകുപ്പിന്റെ അന്വേഷണവും ആരംഭിച്ചു കഴിഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവത്തോടെ മരിച്ച നവജാത ശിശുക്കളുടെ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് തന്നെ സംസ്കരിച്ചു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്.


