കേരളത്തില്‍ കൊവിഡ് വ്യാപനം ഇപ്പോള്‍ നിയന്ത്രണാതീതമായ നിലയിലാണ്. ലഭ്യമായ കണക്കുകള്‍ ശാസ്ത്രീയമായി അവലോകനം ചെയ്താല്‍ പ്രതിദിന രോഗവ്യാപന നിരക്കില്‍ കേരളം ഏറ്റവും മുന്നിലും രോഗനിയന്ത്രണത്തില്‍ പല കാര്യങ്ങളിലും പിന്നിലുമാണ്. ഈ യാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ കൊവിഡ് നിയന്ത്രണ പരിപാടികള്‍ തുടര്‍ന്നു നടപ്പാക്കേണ്ടതെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്ഗൈനിസേഷനിലെ ടിബി ആന്റ് പ്രൈവറ്റ് സെക്ടര്‍ വിഭാഗത്തിലെ ഗ്ലോബല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് വൈസ് ചെയര്‍മാനും, ഓള് ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഡോ. എസ്.എസ് ലാല്‍.
ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മറ്റു വിദഗ്ദ്ധരുടെയും സംഘടനകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി പുതിയ സമിതി രൂപീകരിക്്കണമെന്നും ഡോ. എസ്.എസ് ലാല്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഡോ. എസ്.എസ് ലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
കൊവിഡ് നിയന്ത്രണത്തില്‍ നാം പിറകിലാണ്, ഇനിയെങ്കിലും എല്ലാവരെയും ഒരുമിച്ച് നിര്‍ത്തണം
കേരളത്തില്‍ കൊവിഡ് വ്യാപനം ഇപ്പോള്‍ നിയന്ത്രണാതീതമായ നിലയിലാണ്. ലഭ്യമായ കണക്കുകള്‍ ശാസ്ത്രീയമായി അവലോകനം ചെയ്താല്‍ പ്രതിദിന രോഗവ്യാപന നിരക്കില്‍ കേരളം ഏറ്റവും മുന്നിലും രോഗനിയന്ത്രണത്തില്‍ പല കാര്യങ്ങളിലും പിന്നിലുമാണ്. ഈ യാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ കൊവിഡ് നിയന്ത്രണ പരിപാടികള്‍ തുടര്‍ന്നു നടപ്പാക്കേണ്ടത്.
രാജ്യത്തെ ജനസംഖ്യയുടെ രണ്ടര ശതമാനം ജീവിക്കുന്ന കേരളത്തില്‍ കൊവിഡിന്റെ കാര്യത്തില്‍ മൂന്ന് ശതമാനമാണ്. രോഗാവസ്ഥയില്‍ കഴിയുന്നവരുടെ ശരാശരി ഏറ്റവും കൂടുതല്‍ കേരളത്തിലാണെന്നത് രോഗവ്യാപനം തീവ്രമാണെന്ന് സൂചിപ്പിക്കുന്നു. രോഗ പരിശോധനയുടെ കാര്യത്തില്‍ കേരളം പിന്നിലാണ്. രോഗികളില്‍ നല്ലൊരു ശതമാനത്തിന്റെ രോഗാവസ്ഥ കണ്ടുപിടിക്കാത്തതിനാല്‍ സമൂഹത്തില്‍ രോഗവ്യാപനം ശക്തിയായി നടക്കുകയാണ്. ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കാണിക്കുന്നത് കുറഞ്ഞ നിരക്ക് പരിശോധനയും ഉയര്‍ന്ന രോഗവ്യാപനവുമാണ്. കേരളത്തിലെ മരണ നിരക്ക് മറ്റു നാടുകളോട് താരതമ്യം ചെയ്ത് കുറവാണെന്ന വാദം അനാവശ്യമാണ്. രോഗത്തിന്റെ തുടക്ക കാലത്തെ ആശയക്കുഴപ്പം കൊണ്ടുണ്ടായ അധിക മരണങ്ങള് മാറ്റി നിര്‍ത്തിയാല്‍ ഈ രോഗത്തിന്റെ മരണ നിരക്ക് ഇപ്പോള്‍ പൊതുവെ എല്ലാ രാജ്യങ്ങളിലും കുറവാണ്. എന്നാല്‍ കൂടുതല്‍ പേര്‍ക്ക് രോഗമുണ്ടായാല്‍ മരണങ്ങളുടെ എണ്ണം കൂടുമെന്നത് കേരളത്തില്‍ പ്രധാനമാണ്. കണക്കുകളെ തെറ്റായി വ്യാഖ്യാനിച്ച് രോഗനിയന്ത്രണത്തില്‍ കേരളം എല്ലാ നാടുകളെക്കാളും മുന്നിലാണെന്ന് പ്രചരിപ്പിച്ച് ഇനിയും ജനങ്ങളില്‍ അമിത ആത്മവിശ്വാസം സൃഷ്ടിക്കുന്നത് അപകടമാണ്. അത്തരം താരതമ്യങ്ങള്‍ പലതും ഈ രോഗത്തിന്റെ കാര്യത്തില്‍ അര്‍ത്ഥമില്ലാത്തതാണ്.
ഉന്നയിക്കുന്ന പ്രശ്ങ്ങള്‍ നിലനിര്‍ത്തുമ്പോഴും പ്രത്യക്ഷ സമരങ്ങള്‍ അവസാനിപ്പിച്ച് യു.ഡി.എഫ്. മാതൃക കാട്ടിയിട്ടുണ്ട്. അത് സ്വാഗതം ചെയ്യുകയാണ് ജനങ്ങളുടെ ആരോഗ്യത്തിന് വിലകല്പിക്കുന്ന ഒരു ഗവണ്മെന്റ് ചെയ്യേണ്ടത്. പകരം യു.ഡി.എഫ്. നെ കളിയാക്കുന്നത് പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാനേ ഉപയോഗപ്പെടൂ. കൊവിഡ് വിഷയത്തില്‍ നിന്ന് രാഷ്ട്രീയം പൂര്‍ണ്ണമായി ഒഴിവാക്കാന്‍ സര്‍ക്കാര്‍ മുകൈ എടുക്കണം.
ഇന്ന് നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ ക്ളീന്‍ സ്ളേറ്റില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സംസ്ഥാനത്തിനും ജനങ്ങള്‍ക്കും ഗുണം ചെയ്യുന്ന തീരുമാനങ്ങള്‍ കൂട്ടായി നടപ്പാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധത അറിയിക്കണം. മുഖ്യമന്ത്രി അദ്ധ്യക്ഷനായും പ്രതിപക്ഷ നേതാവ് ഉപാദ്ധ്യക്ഷനായും കമ്മിറ്റി രൂപീകരിച്ച് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണം. സര്‍ക്കാരിനെ ഉപദേശിക്കാന്‍ പുതിയ സാങ്കേതിക സമിതി ഉണ്ടാക്കണം. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മറ്റു വിദഗ്ദ്ധരുടെയും സംഘടനകളുടെ പ്രതിനിധികളെ സമിതിയില്‍ അംഗങ്ങളാക്കണം. വിമര്‍ശനങ്ങളും വ്യത്യസ്ത അഭിപ്രായങ്ങളും ഉള്ളവരെ സമിതിയില്‍ ഉള്‍പ്പെടുത്തണം. മുഖ്യമന്ത്രിയുടെ കൊവിഡ് പത്രസമ്മേളനത്തില്‍ രാഷ്ട്രീയ വിഷയങ്ങള്‍ ഒഴിവാക്കണം. ഓരോ ജീവനും വിലപ്പെട്ടതാണ്. ഓരോ മരണവും നഷ്ടമാണ്. തര്‍ക്കങ്ങളിലും വാഗ്വാദങ്ങളിലും വിജയിച്ചാലും നഷ്ടപ്പെട്ട ജീവനുകള്‍ തിരികെക്കിട്ടില്ല.
ഡോ: എസ്.എസ്. ലാല്‍


