ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ എന്‍.ഡി.എ മുന്നണിയിലുള്ള തര്‍ക്കം പൊട്ടിത്തെറിയുടെ വക്കില്‍. എല്‍ജെപി നേതാവും കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ മകനുമായ ചിരാഗ് പാസ്വാന് തിങ്കളാഴ്ച ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയെ സന്ദര്‍ശിച്ച് അന്ത്യശാസനം നല്കി.
സീറ്റ് വിഭജനം സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കണമെന്നും ഇല്ലെങ്കില്‍ 143 സീറ്റുകളില്‍ എല്‍ജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്നും ചിരാഗ് പാസ്വാന് നഡ്ഡയെ അറിയിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഭിന്നതയുള്ള ചിരാഗ് പാസ്വാന് ജെ.ഡി.യുവിനെതിരെയാകും സ്ഥാനാര്‍ഥികളെ നിര്‍ത്തുകയെന്നാണ് നഡ്ഡയെ അറിയിച്ചിട്ടുള്ളത്. ‘എല്‍.ജെ.പി.യുമായി സഖ്യമില്ലെന്ന് ജെഡിയു അടുത്തിടെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അവര്‍ക്കെതിരെ എല്‍ജെപിക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്താം’ ചിരാഗ് പാസ്വാന് പറഞ്ഞു.
ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലായി മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 10-ന് ഫലം പുറത്തുവരും. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിലുള്ള കടുത്ത എതിര്‍പ്പ് നേരത്തെ തന്നെ എല്‍ജെപി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സീറ്റുകള്‍ സംബന്ധിച്ച തര്‍ക്കവും.


