ലഡാക്ക് അതിര്‍ത്തിയില്‍ ചൈന ഉയര്‍ത്തിയ മിസൈല്‍ വെല്ലുവിളി നേരിടാന്‍ ഇന്ത്യ. ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഇന്ത്യ അതിര്‍ത്തിയില്‍ വിന്യസിച്ചു. ടിബറ്റിലും സിന്ജിന്യാംഗിലും വിന്യസിച്ചിട്ടുള്ള മിസൈലുകള്‍ ചൈന പിന് വലിച്ചിട്ടില്ലെന്ന് ഉപഗ്രഹചിത്രങ്ങള്‍ സൂചന നല്‍കിയതിന് പിന്നാലെ ആണ് ഇന്ത്യയുടെ നടപടി.
ഇന്ത്യയെ ലക്ഷ്യമിട്ട് നടത്തിയിട്ടുള്ള ചൈനീസ് മിസൈലുകള്‍ പിന്‍വലിക്കും എന്ന് സൈനികതല ചര്‍ച്ചകളില്‍ സൂചിപ്പിക്കപ്പെട്ടെങ്കിലും വാക്ക് പാലിക്കാന്‍ ചൈന തയാറായില്ല. ഉപഗ്രഹ ചിത്രങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചത് പിന്നാലെയാണ് ഇന്ത്യയും അതിര്‍ത്തിയില്‍ മിസൈല്‍ വിന്യാസം നടത്തിയത്.
ചൈനയുടെ പ്രകോപനം അതിജീവിയ്ക്കാന്‍ ആന്‍ഡമാന്‍ നിക്കോബാര്‍ സൈനിക കേന്ദ്രത്തിലും ഇന്ത്യന്‍ മിസൈലുകള്‍ ഏതുനിമിഷവും തൊടുക്കാന്‍ പാകത്തിന് സജ്ജമാക്കി. നിര്ഭവയ് സബ്സോണിക് മിസൈല്‍ ആയിരം കിലോമീറ്ററിനകത്തുള്ള ശത്രുവിന്റെ നീക്കങ്ങളെ തകര്‍ക്കും. ആകാശ് മിസൈല്‍ നിയന്ത്രിത സംവിധാനം ഒരു സമയത്ത് 64 ലക്ഷ്യങ്ങള്‍ കേന്ദ്രീകരിക്കാനും ഒറ്റസമയം 12 ലക്ഷ്യം ഭേദിക്കാനും സാധിക്കും.


