സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് എതിരെ മൊഴി ആവര്‍ത്തിച്ച് മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രന്. ശിവശങ്കര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പ്രതികള്‍ക്ക് ഫ്ളാറ്റ് എടുത്ത് നല്‍കിയതെന്നും ശിവശങ്കര്‍ തന്നെയാണ് പ്രതികളെ പരിചയപ്പെടുത്തി തന്നതെന്നും അരുണ്‍. കീഴ്ജീവനക്കാരനായതുകൊണ്ട് ശിവശങ്കറിന്റെ നിര്‍ദേശം അനുസരിക്കുകയായിരുന്നു. ശിവശങ്കര്‍ പലപ്പോഴും പ്രതികളുടെ ഫ്ളാറ്റില്‍ പോകുന്നത് തനിക്ക് അറിയാമായിരുന്നെന്നും അരുണ്‍ ബാലചന്ദ്രന് കസ്റ്റംസിന് മൊഴി നല്കി. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ശിവശങ്കറിനെതിരായ അരുണ്‍ ബാലചന്ദ്രന്റെ മൊഴി.
ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് ഫ്ലാറ്റ് ബുക്ക് ചെയ്തതെന്ന് അരുണ്‍ നേരത്തെയും മൊഴി നല്‍കിയിരുന്നു. സ്വപ്ന സുരേഷിന്റെ ഭര്‍ത്താവ് ജയശങ്കറിന് വേണ്ടിയായിരുന്നു തിരുവനന്തപുരത്ത് ഫ്ലാറ്റ് ബുക്ക് ചെയ്തത്. ഐടി സെക്രട്ടറിയുടെ കീഴില്‍ ജോലി ചെയ്യുന്ന ആളെന്ന് പരിചയപ്പെടുത്തി അരുണ്‍ ബാലചന്ദ്രനാണ് ഫ്ലാറ്റ് ബുക്ക് ചെയ്തത്. സുഹൃത്തിനും കുടുംബത്തിനും താമസിക്കാനെന്ന് ശിവശങ്കര്‍ പറഞ്ഞതനുസരിച്ച് അരുണ്‍ കരാറുകാരനെ സമീപിക്കുകയായിരുന്നു. ശിവശങ്കര്‍ താമസിക്കുന്ന അതേ ഫ്ലാറ്റിലാണ് ഈ ഫ്ലാറ്റ്.
അതേസമയം കേസില്‍ സിആപ്റ്റിലെ ഉദ്യോഗസ്ഥരെ കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കും. കോണ്‍സുലേറ്റില്‍ നിന്നുള്ള പാര്‍സലുകളെപ്പറ്റി വ്യക്തത വരുത്തുകയാണ് ലക്ഷ്യം. കേസുമായി ബന്ധപ്പെട്ട് സിആപ്റ്റിലെ സിസിടിവി ദൃശ്യങ്ങളും രേഖകളും പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തയാറെടുക്കുന്നത്. കോണ്‍സുലേറ്റില്‍ നിന്നുള്ള പാര്‍സലുകളെപ്പറ്റി വ്യക്തത വരുത്തുകയാണ് പ്രധാന ലക്ഷ്യം.
കോണ്‍സുലേറ്റില്‍ നിന്നുള്ള പാര്‍സല്‍ സിആപ്റ്റില്‍ എത്തിച്ചപ്പോള്‍ വാങ്ങിച്ചവരും എടപ്പാളിലേക്ക് കൊണ്ടുപോകാന്‍ സഹായിച്ചവരുമായ ജീവനക്കാരില്‍ നിന്നാണ് മൊഴിയെടുക്കുക. ഉന്നതതല നിര്‍ദേശത്തെ തുടര്‍ന്നാണ് പാര്‍സല്‍ വാങ്ങിവച്ചതെന്നും എടപ്പാളിലേക്ക് കൊണ്ട് പോയതെന്നും ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു.


