ചാരസോഫ്റ്റ്വെയറായ പെഗസിസ് ഇസ്രയേലില്‍ നിന്ന് ഇന്ത്യ വാങ്ങിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. 2017ലെ ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പെഗസിസ് വാങ്ങാന്‍ തീരുമാനിച്ചത്. പെഗസിസും മിസൈല്‍ സിസ്റ്റവും വാങ്ങാന്‍ 13,000 കോടി രൂപയ്ക്ക് കരാര്‍ ഉണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്.
2017 ല്‍ ഇന്ത്യയും ഇസ്രായേലും പ്രതിരോധ കരാറില്‍ ഒപ്പുവെച്ചിരുന്നു. ആയുധങ്ങള്‍ വാങ്ങാനുള്ള കരാറിനൊപ്പമാണ് പെഗാസസ് സോഫ്റ്റ് വെയര്‍ വാങ്ങിയത്. 2017 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചതിനു പിന്നാലെയാണിത്. പിന്നീട് ഒരിടവേളയ്ക്ക് ശേഷം ഇസ്രായേല്‍ പ്രസിഡന്റ് ഇന്ത്യയിലേക്കെത്തുകയും ചെയ്തിരുന്നു. ഇന്ത്യയെ കൂടാതെ ഹോളണ്ടും ഹംഗറിയും ഈ ചാര സോഫ്റ്റ് വെയര്‍ വാങ്ങിയിട്ടുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ രാഷ്ട്രീയ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ക്കെതിരെ പെഗാസസ് അതിവ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സൗദിയില്‍ വധിക്കപ്പെട്ട മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗി ഉള്‍പ്പടെയുള്ളവരുടെ ഫോണുകള്‍ പെഗാസസ് ചാരവൃത്തിക്കിരയാക്കി. ദി വയര്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ ഇന്ത്യയില്‍ ചാരവൃത്തി നടന്നിട്ടുണ്ടെന്ന് 2021 ല്‍ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ മറുപടി നല്കാന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
പെഗാസസ് കേസന്വേഷണത്തിനായി സുപ്രീം കോടതിയുടെ മേല്‍ നോട്ടത്തില്‍ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. പൗരന്റെ സ്വകാര്യത മാനിച്ചുള്ള അന്വേഷണമായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചതാണ്.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പെഗസിസ് ചാര സോഫ്റ്റ്വെയര് ഉപയോഗിച്ച് മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയുമടക്കം ഫോണുകള്‍ ചോര്‍ത്തിയത് ആഗോള തലത്തില്‍ വലിയ വിവാദമായിരുന്നു. പെഗാസസിന്റെ നിരീക്ഷണത്തില്‍ ഇന്ത്യയിലെ രണ്ട് കേന്ദ്രമന്ത്രിമാര്‍, മൂന്ന് പ്രമുഖ പ്രതിപക്ഷ നേതാക്കള്‍, സുപ്രിംകോടതി ജഡ്ജി, നാല്പതിലേറെ മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി മുന്നൂറിലേറെപ്പേരുണ്ടെന്നായിരുന്നതായി റിപ്പോര്‍ട്ട്.


