ചൈനയടക്കം പല വിദേശ രാജ്യങ്ങളിലും കൊറോണ താണ്ഡവമാടുമ്പോള്‍ ആശങ്ക പടര്‍ത്തി ഇന്ത്യയില്‍ കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിലും കൊറോണ കേസുകള്‍ കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 188 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 3,468 ആയി ഉയര്‍ന്നു. രാജ്യത്ത് കോവിഡ് 4,46,77,647 (4.46 കോടി) ആളുകള്‍ക്കാണ് ഇതുവരെ ബാധിച്ചത്. കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 5,30,696 ആണ് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം രാവിലെ അപ്ഡേറ്റ് ചെയ്ത ഡാറ്റയില്‍ പറയുന്നു.
ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലെയും കോവിഡ് കേസുകളുടെ കുതിച്ചു ചാട്ടം കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പൊതുജനാരോഗ്യ നടപടികള്‍ നടപ്പാക്കേണ്ടത് ആവശ്യമാണ് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കേന്ദ്രത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കോവിഡ്-19 നുമായി ബന്ധപ്പെട്ട ഏത് സാഹചര്യത്തെയും നേരിടാനുള്ള സന്നദ്ധത ഉറപ്പുവരുത്തുന്നതിനായി നിരവധി സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നിരവധി ആരോഗ്യ കേന്ദ്രങ്ങളില്‍ ചൊവ്വാഴ്ച മോക്ക് ഡ്രില്ലുകള്‍ നടത്തി.
അതേസമയം, ചൈനയില്‍ ഭീതി പടര്‍ത്തി പകരുന്ന BF.7 ഒമിക്രോണ്‍ ഉപ വകഭേദം ഇന്ത്യയില്‍ 4 പേരില്‍ സ്ഥിരീകരിച്ചിരുന്നു. കൊറോണയുടേതിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ കോവിഡ് പരിശോധന നടത്താനും ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.