നിയമനക്കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി അവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ രണ്ടാംഘട്ട ചര്‍ച്ച വെള്ളിയാഴ്ച. തദ്ദേശമന്ത്രി എം.ബി.രാജേഷിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റില്‍ നടക്കുന്ന ചര്‍ച്ചയിലേക്ക് സമരം നയിക്കുന്ന രാഷ്ട്രീയകക്ഷി നേതാക്കളെ ക്ഷണിച്ചു. നേരത്തെ നടത്തിയ ചര്‍ച്ച സമവായമാകാതെ പിരിഞ്ഞിരുന്നു.
മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ജനുവരി മുതല്‍ സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിരുന്നു. ഇതിനിടെ കേസ് തള്ളണമെന്ന കോര്പറേഷന് ആവശ്യം ഓംബുഡ്സ്മാന് നിരസിച്ചു. തദ്ദേശ സ്ഥാപന ഓംബുഡ്സ്മാന് ഫെബ്രുവരി 22 ന് കേസില്‍ തുടര്‍വാദം കേള്‍ക്കും.
വിഷയത്തില്‍ സിപിഐഎം അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. സി ജയന് ബാബു, ഡി കെ മുരളി, ആര് രാമു എന്നിവരാണ് കമ്മിഷനിലുള്ളത്. മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. വിവാദത്തില്‍ തിരുവനന്തപുരം നഗരസഭാ പരിധില്‍ ജനുവരി 7 ന് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോപണ വിധേയരെ സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മേയറുടെ രാജി ആവശ്യപ്പെട്ട് അടുത്ത മാസം 6 ന് കോര്പറേഷന് ഓഫീസ് വളയാനും ബിജെപി ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമരക്കാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.
കോര്‍പ്പറേഷനിലെ 295 താല്‍ക്കാലിക ഒഴിവുകളിലേക്ക് പാര്‍ട്ടിക്കാരെ തേടി ആര്യ രാജേന്ദ്രനും എസ്.എ.ടിയിലെ നിയമനങ്ങളില്‍ പട്ടിക ആവശ്യപെട്ട് ഡി.ആര്. അനിലും ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ച കത്തുകളാണ് പുറത്തുവന്നത്.


