ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രിസിന്റെ സ്ഥാപക ദിനാഘോഷത്തിനിടെ പതാക പൊട്ടി വീണതില്‍ രോഷാകുലയായി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് പതാക ഉയര്‍ത്തുന്നതിനിടെയാണ് അപ്രതീക്ഷിത സംഭവം നടന്നത്.
ക്ഷുഭിതയായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പതാക ഉയര്‍ത്താതെ മടങ്ങി. പതാക ഉയര്‍ത്തുന്നതിലെ ക്രമീകരണ ചുമതല കോണ്‍ഗ്രസിന്റെ സേവാ ദള്‍ വിഭാഗത്തിനാണ്, എന്നാല്‍ സേവാ ദള്‍ ക്രമീകരണങ്ങളില്‍ വരുത്തിയിട്ടുള്ള അപാഗതകളാണ് കാരണമെന്ന് റിപ്പോര്‍ട്ട്.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നോക്കി നില്‍ക്കെയാണ് സംഭവം. ക്രമീകരണങ്ങള്‍ കൃത്യമായി നടത്താത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. അല്പ സമയത്തിന് ശേഷം സോണിയ ഗാന്ധി വീണ്ടും പതാക ഉയര്‍ത്തി.
രാവിലെ 9.45 മണിയോടെയാണ് സോണിയ പതാക ഉയര്‍ത്താന്‍ എത്തിയത്. പതാക ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ചരട് പൊട്ടി സോണിയയുടെ ദേഹത്ത് വീഴുകയായിരുന്നു. പിന്നീട് ചരടില്‍ കെട്ടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
ഒടുവില്‍ കൈ കൊണ്ട് പതാക ഉയര്‍ത്തി കാണിക്കേണ്ടി വന്നു. ക്ഷുഭിതയായ സോണിയ ഗാന്ധി പതാക ഉയര്‍ത്താതെ മടങ്ങി. പിന്നീട് നേതാക്കള്‍ അനുനയിപ്പിച്ച് സോണിയയെ തിരികെ കൊണ്ടു വരുകയും 15 മിനിറ്റിന് ശേഷം ചടങ്ങുകള്‍ ആവര്‍ത്തിക്കുകയും ചെയ്തു.


