ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ആത്മഹത്യ ചെയ്ത മോഫിയ പര്‍വീന്റെ മരണം നിര്‍ഭാഗ്യകരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മോഫിയയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍.
മരണം നിര്‍ഭാഗ്യകരമാണ്. നഷ്ടമായത് ഒരു മിടുക്കിയെയാണ്. പെണ്‍കുട്ടികള്‍ ധൈര്യശാലികളാവണം. ജീവനൊടുക്കുകയല്ല, പോരാടുകയാണ് വേണ്ടത്. യുവതികള്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണം. ചില മോശം ആളുകളുണ്ടെങ്കിലും കേരള പൊലീസ് രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനകളില്‍ ഒന്നാണ് എന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
സ്ത്രീധനത്തിനെതിരെ ജനങ്ങളില്‍ അവബോധം വളര്‍ത്തണമെന്നും സ്ത്രീധനമെന്ന രീതി ഇല്ലാതാക്കണമെന്നും അദ്ദേഹം മോഫിയ പര്‍വീണിന്റെ വീട് സന്ദര്‍ശിച്ച ശേഷം വ്യക്തമാക്കി.
ആലുവ പോലീസ് നടപടികളെയും ഗവര്‍ണര്‍ വിമര്‍ശിച്ചു. രാജ്യത്തെ മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലുള്ളത്. എങ്കിലും ആലുവയിലേക്ക് പോലുള്ള സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീ സുരക്ഷയ്ക്കായി 18 നിയമങ്ങള്‍ നിലവിലുണ്ട്. ശക്തമായ നിയമങ്ങളുണ്ടായിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നും സിഐയുടെ പെരുമാറ്റത്തെ തുടര്‍ന്നുമാണ് മോഫിയ ആത്മഹത്യ ചെയ്തത്. കുറ്റപത്രത്തില്‍ മുന്‍ സിഐ സുധീറിന്റെ പേരും പരാമര്‍ശിക്കുന്നു. സുധീറിന്റെ പെരുമാറ്റം മോഫിയക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്നാണ് കുറ്റപത്രത്തിലുള്ളത്. സിഐയുടെ പെരുമാറ്റം പെണ്‍കുട്ടിയെ മരണത്തിലേക്ക് തള്ളിവിടുന്നതിന് കാരണമായിയെന്ന് എഫ്ഐആറില്‍ പറയുന്നു. മോഫിയ ഭര്‍ത്താവിനെ അടിച്ചപ്പോള്‍ സിഐ കയര്‍ത്ത് സംസാരിച്ചു എന്നും കണ്ടെത്തലുണ്ട്.
ഇരുവരും തമ്മിലുള്ള പ്രശ്നം ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ വേണ്ടിയാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എസ്പിക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാല്‍ ഒരു ഘട്ടത്തില്‍ മോഫിയയുടെ നിയന്ത്രണം നഷ്ടപ്പെടുകയും ഭര്‍ത്താവിനെ അടിക്കുകയും ചെയ്തു. ഈ സമയം സിഐ സുധീര്‍ മോഫിയയോട് കയര്‍ത്ത് സംസാരിച്ചു. ഇത് യുവതിക്ക് കടുത്ത മനോവിഷമം ഉണ്ടാക്കി. നീതി ലഭിക്കില്ല എന്ന തോന്നല്‍ യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചു എന്നും എഫ്ഐആറില്‍ പറയുന്നു. സ്റ്റേഷനില്‍ നിന്ന് വീട്ടില്‍ എത്തിയ ഉടനെയാണ് മോഫിയ ആത്മഹത്യ ചെയ്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
നിലവില്‍ സുധീറിന്റെ പേര് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇദ്ദേഹത്തെ പ്രതി ചേര്‍ക്കുന്ന കാര്യം നിലവില്‍ തീരുമാനിച്ചിട്ടില്ല. ആദ്യ ഘട്ടത്തില്‍ ആത്മഹത്യ പ്രേരണ കുറ്റം മനപൂര്‍വം അല്ലാത്ത നരഹത്യ അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ വകുപ്പുകള്‍ സിഐക്കെതിരെ ചുമത്തണമെന്ന ആവശ്യം ശക്തമായിരുന്നു. ഈ സമയത്താണ് സിഐയുടെ പേര് എഫ്ഐആറില്‍ പരാമര്‍ശിക്കുന്നത്.
സിഐ സുധീറിനെ കേസില്‍ പ്രതിയാക്കണമെന്നും അദ്ദേഹത്തിന്റെ മറ്റു ചെയ്തികളടക്കം അന്വേഷിക്കണമെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ ആവശ്യപ്പെട്ടു.


