രാജ്യം ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് എത്തിയെങ്കിലും കൂടുതല്‍ ആശ്വാസ പദ്ധതികളുടെ പ്രഖ്യാപനം വേണ്ടെന്ന് തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. കണക്കുകള്‍ മാന്ദ്യം പറയുമ്പോഴും കാര്‍ഷിക മേഖല ശക്തമായി മാറിയതും നിര്‍മ്മാണ മേഖല തിരിച്ച് വരുന്നതും ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ 7.5 ശതമാനം ആണ് ഇടിഞ്ഞത്. ആദ്യപാദത്തിലെ ഇടിവ് 23.9 ആയിരുന്നു. ഇത് 16.5 ശതമാനത്തിന്റെ നേട്ടമായാണ് ധനമന്ത്രാലയം വിവരിക്കുന്നത്. സാമ്പത്തിക മാന്ദ്യം കേവലം സാങ്കേതികം മാത്രമാണെന്നും അടുത്ത പാദത്തില്‍ ഇത് ഇല്ലാതാകും എന്നും കേന്ദ്രധനമന്ത്രാലയം പറഞ്ഞു.
എന്നാല്‍ അനുകൂല സൂചനകള്‍ ഉണ്ടെങ്കിലും ആഭ്യന്തര ഉത്പാദനത്തിലെ ഇടിവ് അടുത്ത പാദത്തില്‍ മറികടക്കും എന്ന മുന്‍വിധി ഇപ്പോഴെ വേണ്ടെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം. തുടര്‍ച്ചയായി രണ്ട് പാദങ്ങളിലെയും ഇടിവ് രേഖപ്പെടുത്തിയതോടെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മാന്ദ്യത്തെ (ടെക്നിക്കല്‍ റിസഷന്) അഭിമുഖീകരിക്കുന്നതായി ഔദ്യോഗികമായി കണക്കാക്കുന്നതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് അംഗീകരിച്ചത്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഈ സാമ്പത്തിക വര്‍ഷം ഇതുവരെ ആകെ 8.1 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതായി സ്ഥിതിവിവരം വ്യക്തമാക്കുന്നു. അടുത്ത പാദങ്ങളില്‍ ഇത് മറികടന്ന് ജി.ഡി.പി പോസിറ്റിവ് ആകുമോ എന്ന ചോദ്യത്തിന് പക്ഷേ ഒരു മറുപടിയും നല്‍കാനും ധനമന്ത്രാലയം ഇപ്പോള്‍ തയ്യാറല്ല.
ഇത്തരത്തില്‍ തുടര്‍ച്ചയായി രണ്ടു പാദങ്ങളിലും സാമ്പത്തിക രംഗം തളര്‍ച്ച രേഖപ്പെടുത്തുന്നതോടെ മാന്ദ്യം എന്ന അവസ്ഥയിലെത്തുമെന്ന് നേരത്തെ തന്നെ റിസര്‍വ് ബാങ്കിന്റെ പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് യഥാര്‍ത്ഥ കണക്കുകളും ഇപ്പോള്‍ സമാനമായി പുറത്തുവന്നിട്ടുള്ളത്. ഈ സാമ്പത്തിക വര്‍ഷം മൊത്തത്തില്‍ ജി.ഡി.പിയില്‍ 9.5 ശതമാനം എങ്കിലും ഇടിവ് ഉണ്ടാകും എന്നാണ് ഇപ്പോഴത്തെ സൂചന. മാന്ദ്യം യാഥാര്‍ത്ഥ്യമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ മടിക്കരുതെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. അടുത്ത പാദത്തില്‍ മാന്ദ്യം ഇല്ലാതാകും എന്നത് മുന്‍വിധി ആണെന്നാണ് കോണ്‍ഗ്രസ് നിലപാട്.


