വിഴിഞ്ഞത്തെ സമരപ്പന്തല്‍ നീക്കം ചെയ്യണമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. ഈ കാര്യത്തില്‍ വീണ്ടുമൊരു ഉത്തരവിടാന്‍ നിര്‍ബന്ധിക്കരുതെന്നും അത് നല്ലതിനാവില്ലെന്നും കോടതി മുന്നറിയിപ്പ് നല്കി.
നിര്‍മാണം തടസപ്പെടുന്നുണ്ടെന്ന് മനസിലായിട്ടുണ്ട്. ഉത്തരവ് പാലിക്കാനുള്ളതാണെന്നും കോടതി ഓര്‍മിപ്പിച്ചു. സമരം നിര്‍ത്തരുതെന്ന് കോടതിക്ക് പറയാനാവില്ല. പക്ഷേ നിയമം കയ്യിലെടുക്കുകയോ നിയമത്തിന് ഭീഷണി ആവുകയോ ചെയ്യരുത്. അങ്ങനെ ചെയ്താല്‍ കോടതിക്ക് ശക്തമായ നടപടി സ്വീകരിക്കേണ്ടി വരും. പൊലീസുകാരെയും മര്‍ദിച്ചിട്ടുണ്ടെന്നും സാഹചര്യം കൂടുതല്‍ വഷളാവുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സമരപ്പന്തല്‍ ഇപ്പോഴും അവിടെ തന്നെ ഉണ്ടെന്ന് അദാനി ഗ്രൂപ്പ് കോടതിയെ ധരിപ്പിച്ചിരുന്നു. ഹര്‍ജി മാറ്റിവെക്കരുതെന്ന് അദാനി ഗ്രൂപ്പ് കോടതിയില്‍ വീണ്ടും ആവശ്യപ്പെട്ടു.
ഇന്നലെയും നിര്‍മാണ മേഖലയിലേക്ക് സമരക്കാര്‍ കടന്നിരുന്നു. ബാരിക്കേഡ് സ്ഥാപിച്ചത് ഇന്നലെ സമരക്കാര്‍ കടലിലെറിഞ്ഞിരുന്നു. അതേസമയം, വിഴിഞ്ഞം ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. പത്ത് ദിവസത്തിന് ശേഷം അദാനി നല്കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കും.


